പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു; ശബരിമല ഒറ്റപ്പെട്ടു

പമ്പയില്‍ ജലനിരപ്പ് അപകടകരമായ വിധം ഉയര്‍ന്നു. ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ പമ്പ, ആനത്തോട് ഡാമുകള്‍ വീണ്ടും തുറന്നു വിട്ടു. പമ്പാ ത്രിവേണി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിയ്ക്ക് കുറുകെയുള്ള പാലം വെള്ളം കയറിയ അവസ്ഥയിലാണ്. ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

നിറപുത്തരി, ചിങ്ങമാസപൂജ എന്നിവയ്ക്കായി നട തുറക്കുന്നതിനാൽ അയ്യപ്പന്മാർ തിങ്കളാഴ്ച മുതൽ വന്നു തുടങ്ങും. വനമേഖലയിലും ശബരിഗിരി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തും നല്ല മഴയാണ്. ത്രിവേണി പാലം കടന്നു വേണം പമ്പാ ഗണപതികോവിലിലേക്കു പോകാൻ. പാലം കടന്നു മണപ്പുറത്തെ റോഡിലേക്ക് ഇറങ്ങാൻ കഴിയില്ല. ശബരിമല സന്നിധാനം ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇരുപത്തഞ്ചോളം വൈദ്യുതി തൂണുകൾ തകർന്നു. പമ്പയിലെ ശർക്കര ഗോഡൗണിൽ വെള്ളം കയറി. ഹോട്ടലുകൾക്ക് വലിയ തോതിൽ നഷ്ടമുണ്ടായി. ഒരു ഹോട്ടലിൽനിന്നുമാത്രം 18 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.

ബാണാസുരസാഗര്‍, മലമ്പുഴ, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനും തീരുമാനിച്ചു. ബാണാസുരസാഗര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. നിലവിൽ 90 സെന്റിമീറ്റർ ഉയരത്തിൽ തുറന്നിട്ടുണ്ട്. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി ശക്തമായ മഴപെയ്തതിനെത്തുടർന്നു മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും 30 സെന്റീമീറ്റർ ഉയർത്തി. കൽപ്പാത്തിപ്പുഴയിൽ വെള്ളം ഉയരുന്നു. മൂന്നിടങ്ങളിലും നദീതീരങ്ങളിലുള്ളവര്‍ക്കു ജാഗ്രതാനിര്‍ദേശം നൽകി. ഇടുക്കി ഡാമിലെ ജലനിരപ്പ് സുരക്ഷിത പരിധിയിലെത്തിയെങ്കിലും ഇടമലയാര്‍ ഡാമില്‍നിന്നു കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

error: Content is protected !!