പൈതൽമല വെർട്ടിക്കൽ മാരത്തോൺ 18ന്

കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള പൈതൽമല വെർട്ടിക്കൽ മാരത്തോൺ രണ്ടാം എഡിഷൻ ആഗസ്റ്റ് 18ന് സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി കണ്ണൂർ പി.ആർ. ചേംബറിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പത് മണിക്ക് പൈതൽമലയിലെ പൊട്ടൻപ്ലാവ് ചർച്ചിൽ നിന്ന് ആരംഭിച്ച് ഡിടിപിസിയുടെ പൈതൽമല ടൂറിസ്റ്റ് റിസോർട്ടിൽ അവസാനിക്കുന്ന രീതിയിലാണ് മാരത്തോൺ. പങ്കെടുക്കാൻ താൽപര്യമുളളവർക്ക് wearekannur.com എന്ന വെബ്‌സൈറ്റിലോ ഡിടിപിസി ഓഫീസിലോ 100 രൂപ ഫീസടച്ച് പേര് രജിസ്റ്റർ ചെയ്യാം. വിജയികൾക്ക് ഒന്നാംസമ്മാനമായി 10,000 രൂപയും രണ്ടാംസമ്മാനമായി 8000 രൂപയും മൂന്നാംസമ്മാനമായി 6000 രൂപയും നൽകും. 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുളളവർക്ക് സ്ത്രീ പുരുഷ ഭേദമെന്യേ മാരത്തോണിൽ പങ്കെടുക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സമ്മാനങ്ങൾ നൽകും. പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ആഗസ്റ്റ് 14. ഫോൺ: 0497-2706336, 9447564545.
ജില്ലയിൽ സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വെർട്ടിക്കൽ മാരത്തോൺ സംഘടിപ്പിക്കുന്നതെന്ന് കലക്ടർ പറഞ്ഞു. ഒക്‌ടോബറിൽ മുഴപ്പിലങ്ങാട് ബീച്ച് മാരത്തോണിന്റെ രണ്ടാം എഡിഷനും ഈ വർഷം തന്നെ പയ്യന്നൂരിൽ ട്രയാത്ത്‌ലണും സംഘടിപ്പിക്കും. സ്‌കൂളുകളിൽ വിദ്യാർഥികളുടെ കായികക്ഷമത പരീക്ഷിക്കുന്നതിനുള്ള പരിശോധനകൾ നടന്നുവരികയാണെന്നും കലക്ടർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസും സംബന്ധിച്ചു.
error: Content is protected !!