കൊട്ടിയൂര്‍ പീഡനക്കേസ്; മൂന്ന് പേരെ കുറ്റവിമുക്തരാക്കി

കൊട്ടിയൂർ പീഡനക്കേസില്‍ മൂന്ന് പേരെ കുറ്റവിമുക്തരാക്കി. സിസ്റ്റ‍ർമാരായ ആൻസി മാത്യു, ടെസി ജോസ്, ഡോ.ഹൈദരാലി എന്നിവർക്കെതിരെ തെളിവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഫാദർ തോമസ് ജോസഫ് തേരകവും സിസ്റ്റർ ബെറ്റി ജോസഫും വിചാരണ നേരിടണം.

കേസുമായി ബന്ധപ്പെട്ട് പല സുപ്രധാന പരാമർശങ്ങളും കോടതി നടത്തിയിരുന്നു. വൈദികർ ഉൾപ്പെട്ട പീഡന കേസുകൾ ഞെട്ടൽ ഉണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകൾ പള്ളികളുമായി ബന്ധപ്പെട്ടാണ്, ഇത് ആശങ്കാജനകമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ കെ സിക്രി അദ്ധ്യക്ഷനായ ബെഞ്സിന്റേയാണ് പരാമർശം.

കേസിന്റെ വിചാരണ തലശേരി അഡീഷണല്‍ ഡിസ്ട്രീക്റ്റ് സെഷന്‍സ് കോടതിയില്‍ ഇന്നാണ് തുടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്നാണ് കേസ്. പോക്സോ ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ക്ക് പുറമെ ഗൂഢാലോചന തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൂടി പ്രതികള്‍ക്ക് നേരെ ചുമത്തിയിട്ടുണ്ട്.

കൊട്ടിയൂരിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും ഐ.ജെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ വടക്കുഞ്ചേരി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പതിനാറുകാരി പ്രസവിച്ചത്. തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ 2017 ഫെബ്രുവരി ഏഴിനാണ് വിദ്യാര്‍ത്ഥിനി പ്രസവിച്ചത്. നവജാതശിശുവിനെ പെട്ടെന്ന് തന്നെ രഹസ്യമായി വയനാട്ടിലെ അനാഥമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 27നാണ് പേരാവൂര്‍ പൊലീസ് ഫാദര്‍ റോബിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

error: Content is protected !!