മോദി രാജ്യത്തെ കാവി വല്‍ക്കരിക്കുന്നു; നിലപാടിലുറച്ച് സ്റ്റാലിന്‍

മോദിയുടെ നേതൃത്തിലുള്ള ബിജെപി സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ് രാഷ്ട്രീയ അവ്യക്തത നീക്കിയ ഡിഎംകെയുടെ പുതിയ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ കേന്ദ്രത്തിനെതിരെ പുതിയ ആരോപണവുമായി രംഗത്ത്. രാജ്യത്തെ കാവിവത്കരിക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് സ്ഥാനമേറ്റെടുത്തതിന്റെ രണ്ടാം ദിവസം ഡിഎംകെ നേതാവ് കുറ്റപ്പെടുത്തി.

നേരത്തെ സ്ഥാനമേറ്റെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ നട്ടെല്ലില്ലാത്ത മോദി സര്‍ക്കാരിനെ പാഠം പഠിപ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഡിഎംകെ യുടെ നിലപാട് സംബന്ധിച്ച് അവ്യക്തത നിലനിന്ന സാഹചര്യത്തില്‍ സ്റ്റാലിന്‍ നടത്തിയ പ്രസ്താവന വലിയ രാഷ്ട്രീയ പ്രാധാന്യം നേടിയിരുന്നു. അധികാരം ഏറ്റെടുത്ത ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ആദ്യം അയച്ച കത്തിലാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയത്.

മോദി സര്‍ക്കാര്‍ സാമൂഹ്യ നീതിക്കും ദേശീയ ഐക്യത്തിനും എതിരാണ്. അതുപോലെ തന്നെ എഐഎഡിഎം കെ സര്‍ക്കാരിന് അഭിമാനം നഷ്ടമായെന്നും ദേശീയ-സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടന്നേക്കുമെന്നും രണ്ടു പാര്‍ട്ടികളേയും പരാജയപ്പെടുത്തേണ്ടത് ജനങ്ങളുടെ കടമയാണെന്നും സ്റ്റാലിന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് ഡിഎംകെ എന്നും അദ്ദേഹം വ്യക്തമാക്കി.

error: Content is protected !!