ബിജെപി പുറത്ത്: കാറടുക്കയില്‍ ഇനി എല്‍.ഡി.എഫ്-യു.ഡി.എഫ് സഖ്യം

കാസര്‍കോഡ് ജില്ലയിലെ കാറടുക്ക പഞ്ചായത്തില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് സഖ്യം അധികാരത്തില്‍. സി.പി.ഐ.എം സ്വതന്ത്ര്യയായ അനസൂയ റാണി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് കാറടുക്ക. 18 വര്‍ഷത്തെ ബി.ജെ.പിയുടെ കുത്തകയാണ് എല്‍.ഡി.എഫും യു.ഡി.എഫും കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിലൂടെ അവസാനിച്ചത്. കാറടുക്ക നഷ്ടമായതോടെ ജില്ലയില്‍ ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകള്‍ മൂന്നായി ചുരുങ്ങി. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അനസൂയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥി ബിജെപിയുടെ ജി. സ്വപ്‌നയ്ക്ക് ഏഴു വോട്ടുകളാണ് ലഭിച്ചത്. അനസൂയക്ക് ലഭിച്ചത് എട്ട് വോട്ടുകളാണ്.

ബിജെപിക്ക് ഈ പഞ്ചായത്തില്‍ ഏഴ് അംഗങ്ങളാണുള്ളത്. സിപിഎമ്മിന് അഞ്ചും യുഡിഎഫിന് മൂന്നും അംഗങ്ങളാണ് ഉള്ളത്. ഇതില്‍ ഒരാള്‍ കോണ്‍ഗ്രസ് സ്വതന്ത്രനാണ്. ഇവര്‍ ഒന്നിച്ചാണ് ഇപ്പോള്‍ എട്ടു വോട്ടുകള്‍ കാസ്റ്റ് ചെയ്ത് സിപിഎം സ്വതന്ത്രയെ പ്രസിഡന്റാക്കിയിരിക്കുന്നത്.

error: Content is protected !!