നവകേരളം; ലോകബാങ്ക് പ്രതിനിധികളുമായി നാളെ ചര്‍ച്ച

മഹാപ്രളയം തകർത്ത സംസ്ഥാനത്തെ പുനർനിർമിക്കാൻ ലോകബാങ്ക് വായ്പ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി.  ലോകബാങ്ക് പ്രതിനിധികളുമായി നാളെ ചര്‍ച്ച നടത്തുമെന്നും ചീഫ് സെക്രട്ടറി ടോം ജോസഫ് അറിയിച്ചു.

ദുരന്തത്തിന്‍‌റെ പശ്‌ചാത്തലത്തിൽ ലോക ബാങ്ക് അടക്കമുള്ള രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ കുറഞ്ഞ പലിശയ്ക്ക് കേരളത്തിന് വായ്പ നൽകാമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. അതിനിടെ ദുരന്തം മറികടക്കാൻ കൂടുതൽ സഹായം വേണമെന്ന കേരളത്തിന്‍റെ ആവശ്യത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണനും ധനമന്ത്രാലയ സെക്രട്ടറി ഹസ്മുഖ് ആദിയയും നാളെ സംസ്ഥാനത്തെത്തും. പുനർനിർമാണത്തിന് വലിയ തോതിൽ പണം ആവശ്യമായതിനാൽ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി ഉയർത്തണമെന്ന ആവശ്യം കേരളം ഉന്നയിക്കും. ജിഎസ്ടി ക്ക് പുറമെ പത്ത് ശതമാനം സെസ് ഏർപ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടും. പ്രളയം നേരിടാനായി കേന്ദ്ര സർക്കാർ ഇതുവരെ 600 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്.

കേരളത്തിന് കൂടുതല്‍ സഹായം നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. പ്രളയംമൂലമുണ്ടായ നഷ്ടത്തിന്റെ കണക്കുകള്‍ ഉള്‍പ്പടെ കേരളം വിശദമായ നിവേദനം സമര്‍പ്പിക്കണമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര മന്ത്രിതല സമിതി സന്ദര്‍ശനം നടത്തി വിശകലനം നടത്തിയ ശേഷമായിരിക്കും കൂടുതല്‍ സഹായം നല്‍കുക.

ഏതെല്ലാം മേഖലകകളിലാണ് നഷ്ടങ്ങള്‍ സംഭവിച്ചതെന്നും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിശമാദമായ പദ്ധതികളും കേരളം സമര്‍പ്പിക്കുന്ന നിവേദനത്തിലുണ്ടാകണം. നിവേദനം ലഭിച്ചു കഴിഞ്ഞ ശേഷമാണ് മന്ത്രിതല സമിതി സന്ദര്‍ശനം നടത്തുക. സമിതി നാശനഷ്ടങ്ങങ്ങള്‍ വിലയിരുത്തി കണക്കുകള്‍ വിലയിരുത്തും. പിന്നീട് ഉന്നത തല സമിതി കേരളത്തിന് നല്‍കേണ്ട സഹായത്തില്‍ തീരുമാനമെടുക്കും.

അതേസമയം, പ്രളയത്തില്‍ സംസ്ഥാനത്തെ 34,732 കിലോമീറ്റര്‍ റോഡും 218 പാലങ്ങളും തകര്‍ന്നിട്ടുണ്ട്. ഇവ നന്നാക്കിയെക്കാന്‍ 5815 കോടി രൂപയോളം വേണ്ടി വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തകര്‍ന്നവ പുനര്‍നിര്‍മ്മിച്ച് പരിപൂര്‍ണ പ്രവര്‍ത്തനയോഗ്യമാക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെങ്കിലും വേണ്ടി വരും. പൊതു മരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടലാണിത്.

error: Content is protected !!