കേരളത്തിനായി ഫണ്ട് പിരിവ്; മാണിക് സര്‍ക്കാരിനെ കള്ളനാക്കി സംഘപരിവാര്‍ പ്രചരണം

കേരളത്തിനായി ഫണ്ട് സ്വരൂപിക്കാന്‍ ഇറങ്ങിയതിന് ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെതിരെ  സോഷ്യല്‍ മീഡിയയില്‍ പ്രചരണം. മണിക് സർക്കാർ പിടിച്ചു പറിക്കാരനാണെന്ന് പറഞ്ഞാണ് സംഘപരിവാർ സംഘടനകൾ പ്രചരണം നടത്തുന്നത്. സംഭവത്തില്‍ അനുപം പോള്‍ എന്നയാള്‍ക്കെതിരേ പൊലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചുവെന്ന് കാണിച്ച് അഭിഭാഷകനായ കൗശിക് റോയ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് അഗര്‍ത്തല പൊലീസ് കേസെടുത്തത്.

ഫണ്ട് സ്വരൂപിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് ഇറങ്ങിയ മണിക് സര്‍ക്കാരിന്റെ ചിത്രം റോസ് വാലി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം കുണ്ടിന്റെ ചിത്രത്തോടൊപ്പം ചേര്‍ത്ത് വെച്ച് എഡിറ്റ് ചെയ്ത ശേഷം അഗര്‍ത്തലയിലെ രണ്ട് കള്ളന്‍മാര്‍ തെരുവില്‍ യാചകരെപ്പോലെ എന്ന ക്യാപ്ഷനോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നത്.

കേരളത്തിലെ ദുരിത ബാധിതരെ സഹായിക്കാനുള്ള പണം സ്വരുക്കൂട്ടുന്നതിനായി ഇറങ്ങിയ സര്‍ക്കാരിനെ മനപ്പൂര്‍വം അധിക്ഷേപിക്കാനുള്ള ശ്രമമാണ് ഫോട്ടോ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്ന് ത്രിപുര സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

അതേസമയം, ഫണ്ട് പിരിവിനിറങ്ങിയ സിപിഎം പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. 25 ഓളം ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സിപിഎം നേതാവ് ബിജോയ് കൃഷ്ണദാസിന് പരിക്കേറ്റു.

error: Content is protected !!