പ്രളയം; ആര്‍എക്‌സ് 100 ലേലത്തില്‍ വെച്ച് സിനിമാ പ്രവര്‍ത്തകര്‍

ഒരു കാലത്ത് യുവത്വത്തിന്റെ ചങ്കായിരുന്നു ആര്‍എക്‌സ് 100. എന്നാല്‍ മലിനീകരണ നിയമങ്ങള്‍ രാജ്യത്ത് കര്‍ശനമായതോടെ പ്രാതാപങ്ങള്‍ വിട്ടൊഴിഞ്ഞ് 1996 ല്‍ ആര്‍എക്സ് 100 പടയോട്ടം അവസാനിപ്പിച്ചു. ഇന്നും പഴയ പുലിക്കുട്ടിക്ക് വന്‍ സ്വീകാര്യതയാണ് കിട്ടുന്നത്. പ്രളയം ദുരിതത്തിലാക്കിയ മലയാളക്കരയെ സഹായിക്കാന്‍ തെലുങ്കു ചിത്രം ‘ആര്‍ എക്സ് 100’ ന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന യമഹാ ആര്‍എക്സ് 100 ബൈക്ക് ലേലത്തില്‍ വെച്ച് ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ആര്‍എക്‌സ് 100 ചിത്രത്തിലെ നായകന്‍ കാര്‍ത്തികേയയാണ് ബൈക്ക് ലേലം ചെയ്യാന്‍ പോകുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്ത വീഡിയോയില്‍ കേരളത്തിന് സഹായസഹകരണങ്ങള്‍ നല്‍കാന്‍ ആരാധകരോടു താരം അഭ്യര്‍ത്ഥിക്കുന്നുണ്ട്. 50000 രൂപ മുതലാണ് ലേലം ആരംഭിക്കുന്നത്. കാര്‍ത്തികേയ, പായല്‍ രാജ്പുത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ആര്‍എക്‌സ് 100 ദക്ഷിണേന്ത്യന്‍ തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടിവരികയാണ്.

ജൂലൈ 12 ന് റിലീസ് ചെയ്ത ഈ ചിത്രം പ്രദേശിക ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 21 കോടിയോളം നേടിയിരുന്നു. 4.2 കോടിയായിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്. അശോക് റെഡ്ഡി, ഗുമ്മകൊണ്ട എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നേരത്തെ വിജയ് ദേവരഖൊണ്ട, അല്ലു അര്‍ജുന്‍, രാം ചരണ്‍ തേജ, ചിരഞ്ജീവി, മഹേഷ് ബാബു തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

error: Content is protected !!