കേരളത്തിനായി യുഎഇയില്‍ തിരക്കിട്ട ധനസമാഹരണം

700 കോടി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കേരളത്തിന് വേണ്ടി യു.എ.ഇയില്‍ തിരിക്കിട്ട ധനസഹായ സമാഹരണം നടക്കുന്നു. 38 കോടി രൂപയാണ് ഒരാഴ്ചയ്ക്കിടെ എമിറേറ്റ്‌സ് റെഡ്ക്രസന്റിന്റെ ദുബായി ശാഖയിലേക്ക് മാത്രം എത്തിയത്.

ഒരാഴ്ചയക്കിടെ റെഡ്ക്രസന്റിന്റെ ദുബായി ശാഖയില്‍ മാത്രം എത്തിയത് നാല്‍പത് ടണ്‍ അവശ്യവസ്തുക്കളും, മുപ്പത്തിയെട്ട് കോടി രൂപയുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിലഭിച്ചാലുടന്‍ സഹായം നാട്ടിലെത്തിക്കുമെന്ന് റെഡ്ക്രസന്റ് മാനേജര്‍ മുഹമ്മദ് അബ്ദുള്ള അല്‍ഹജ് അല്‍ സറോണി പറഞ്ഞു.

ദുരിതബാധിതരെ സഹായിക്കാൻ 50 ലക്ഷം ദിർഹം (ഏതാണ്ട് ഒമ്പതര കോടിയിലേറെ രൂപ) ദുബായ് ഇസ്ലാമിക് ബാങ്ക് നൽകി. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം ദിർഹം നീക്കിവച്ചെന്ന‌് ബാങ്ക് അറിയിച്ചു. രാജ്യാന്തര ജീവകാരുണ്യദൗത്യം ഏറ്റെടുക്കുന്നതിന് സ്ഥാപിക്കപ്പെട്ട മുഹമ്മദ് ബിൻ റാഷ്ദ് അൽ മഖ്തൂം ഹ്യുമാനിറ്റേറിയൻ ആൻഡ‌് ചാരിറ്റി എസ്റ്റാബ്ലിഷ‌്മെന്റി(എംബിആർസിഎച്ച്)നാണ് ബാങ്ക് പണം നൽകിയത്.

രാജ്യത്തിനുപുറത്ത് നടത്തിയ നിരവധി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ദുബായ് ഇസ്ലാമിക് ബാങ്ക് പങ്കാളിത്തം വഹിച്ചിട്ടുണ്ടെന്നും ഇക്കുറി ബാങ്ക് നൽകിയ സംഭാവന കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിനു മാത്രമാണെന്നും ദുബായ് ഭരണാധികാരിയുടെ ജീവകാരുണ്യ, സാംസ്‌കാരിക കൗൺസലറും എംബിആർസിഎച്ച് ചെയർമാനുമായ ഇബ്രാഹിം ബൂമെൽഹ പറഞ്ഞു. കേരളത്തിൽ ദുരിതത്തിലായ സഹോദരങ്ങളുടെ പ്രയാസമകറ്റുന്നതിനാണ് യുഎഇ ഭരണകൂടം അടിയന്തരസഹായം നൽകാൻ നിർദേശിച്ചത്. സുഹൃദ് രാജ്യങ്ങളിലെ സഹോദരങ്ങളും സുഹൃത്തുക്കളും ദുരിതത്തിലായാൽ സഹായിക്കേണ്ടത് ബാധ്യതയായി യുഎഇ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രളയബാധിതരെ സഹായിക്കുന്നതിന് ഖലീഫ ബിൻ സായിദ് അൽനഹ്യാൻ ഫൗണ്ടേഷനും ദുബായ് റെഡ്ക്രസന്റും ധനസമാഹരണം നടത്തുന്നുണ്ട്.

 

error: Content is protected !!