മഴക്കെടുതി; കൊച്ചിക്ക് കൈത്താങ്ങായി അന്‍പോടു കൊച്ചി

കേരളത്തെ ഇതുവരെയില്ലാത്ത കെടുതിയിലെത്തിച്ചിരിക്കുകയാണ് കാലവര്‍ഷം. ജീവന്‍ നഷ്ടപ്പെട്ടവരും കിടപ്പാടവും കൃഷി നശിച്ചവരുമൊക്കെ ഏറെയാണ്. ദുരിതാശ്വാസ ക്യാമ്പില്‍ ആവശ്യ സാധനങ്ങളുടെ കുറവ്. ആദ്യമൊന്നമ്പരന്ന മലയാളി സഹായ ഹസ്തവുമായി കൈ മെയ് മറന്നിറങ്ങുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. കൊച്ചിയില്‍ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ജില്ലാ ഭരണകൂടത്തോടൊപ്പം ‘അന്‍പോടു കൊച്ചി’യും സിനിമാ താരങ്ങളും ചേര്‍ന്നിരിക്കുകയാണ്. നടിമാരായ പാര്‍വ്വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമാ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്‍ററിലെത്തി അന്‍പോടു കൊച്ചിയ്ക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.

ജനങ്ങൾക്ക് അത്യാവശ്യമായി വേണ്ട സാധനങ്ങൾ ശേഖരിച്ച് എല്ലാ ജില്ലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുകയാണ് അന്‍പോടു കൊച്ചി എന്ന കൂട്ടായ്മയും ജില്ലാ ഭരണകൂടവും. എറണാകുളം കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിൽ വച്ചാണ് സാധനങ്ങൾ ശേഖരിക്കുന്നതും പാക്കറ്റുകളിലാക്കി കയറ്റി അയക്കുന്നതും. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സ്‌പെഷ്യല്‍ ഓഫിസര്‍ എം.ജി.രാജമാണിക്ക്യം എന്നിവരുടെ നേതൃത്വത്തില്‍ ആണ് അന്‍പോടു കൊച്ചി അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്. കൊച്ചിയില്‍ മാത്രം ദുരിത ബാധിതര്‍ക്കായി അറുപതിലധികം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ മഴക്കെടുതികളിലൊന്നിലൂടെ കടന്നുപോകുന്ന കേരളത്തിന് വിവിധ കോണുകളില്‍നിന്ന് സഹായമെത്തുന്നുണ്ട്. ദുരിതം നേരിടാൻ എല്ലാ വിയോജിപ്പുകളും മാറ്റിവച്ച് ഒരു മനസ്സോടെ കൈകോർക്കുകയുമാണ് കേരളം. രാജ്യത്തിനകത്തും പുറത്തുനിന്നുമായി വ്യക്തികളുടേയും സംഘടനകളുടേയും വലുതും ചെറുതുമായ സഹായം എത്തിക്കൊണ്ടിരിക്കുന്നു.

error: Content is protected !!