കണ്ണൂരില്‍ നിന്നും36 ടണ്‍ സഹായ സാധനങ്ങളുമായി കണ്ടെയ്‌നര്‍ ലോറി ആലപ്പുഴയിലേക്ക്

കണ്ണൂര്‍: പ്രളയബാധിതരെ സഹായിക്കുന്നതിനുള്ള 36 ടണ്‍ സാധനങ്ങളുമായി വലിയ കണ്ടെയിനര്‍ ലോറി  കലക്ടറേറ്റില്‍ നിന്ന് ആലപ്പുഴയിലേക്ക് തിരിച്ചു. ഇതിനു പുറമെ  മറ്റൊരു കണ്ടെയ്‌നര്‍ ലോറി എറണാകുളത്തേക്കും തിരിച്ചു.
കുടിവെള്ള കുപ്പികളുടെ ബണ്ടിലുകള്‍, ബിസ്‌കറ്റ്, റസ്‌ക്, അരി, പലവ്യഞ്ജനവസ്തുക്കള്‍, പച്ചക്കറികള്‍, അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, സോപ്പുകള്‍, വിവിധതരം ശൂചീകരണ ലായനികള്‍, ടൂത്ത് പേസ്റ്റ്, ടൂത്ത്ബ്രഷ്, സാനിറ്ററി നാപ്കിനുകള്‍, പാത്രങ്ങള്‍, ബക്കറ്റുകള്‍, പുല്‍പായകള്‍ തുടങ്ങിയ സാധനങ്ങളാണ് കയറ്റി അയച്ചത്. വയനാട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കും കണ്ണൂരില്‍ നിന്നും 35 ലോഡ് സാധനങ്ങളാണ് ഇതുവരെ അയച്ചതെന്ന് ഡെപ്യൂട്ടി കലക്ടര്‍ സി.എം ഗോപിനാഥന്‍ പറഞ്ഞു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു പുറമെ കര്‍ണാകടയില്‍ നിന്നും കലക്ട്രേറ്റിലേക്ക് ഇന്നലെ സാധനങ്ങളെത്തിയിരുന്നു. ജനങ്ങള്‍ നല്‍കുന്ന സാധങ്ങള്‍ ഏറ്റുവാങ്ങാനും തരംതിരിച്ച് പാക്കു ചെയ്യാനുമായി നിരവധി പേരാണ് കലക്ടറേറ്റില്‍ സേവനം ചെയ്യുന്നത്. ജീവനക്കാര്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്ത്രീ പുരുഷ ഭേദമന്യേ ഇവിടെയുണ്ട്. ഷിഫ്റ്റുകളിലായി പ്രവര്‍ത്തിച്ച് 24 മണിക്കൂറും ഇവര്‍ സേവനം ഉറപ്പു വരുത്തുന്നുണ്ട്.
ഗൃഹപ്രവേശനത്തിനു ലഭിച്ച സമ്മാനങ്ങള്‍ ദുരിതാശ്വാസത്തിന് 
സംസ്ഥാനമാകെ പ്രളയം ദുരന്തം വിതച്ച സമയത്ത് നടന്ന ഗൃഹപ്രവേശനത്തിന് സമ്മാനമായി ലഭിച്ച മുഴുവന്‍ സാധനങ്ങളും ദുരിതബാധിതരുടെ കണ്ണീരൊപ്പാനായി നല്‍കി ഗൃഹനാഥന്‍ മാതൃകയായി. മാവിലായി കീഴറയിലെ കെ കെ മഹേഷാണ് തന്റെ ഗൃഹപ്രവേശനത്തിനോടനുബന്ധിച്ച് സമ്മാനമായി ലഭിച്ച ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി മുഴുവന്‍ സാധനങ്ങളും ദുരിതാശ്വാസത്തിനായി സംഭാവന ചെയ്തത്.
error: Content is protected !!