മുഖ്യമന്ത്രിയ്‌ക്കെതിരെ കെ സുരേന്ദ്രന്‍

700 കോടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന യു.എ.ഇ അംബാസിഡറുടെ പരാമര്‍ശം കേരളത്തില്‍ ചര്‍ച്ചയാകുകയാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്തെത്തി.വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വിലയുണ്ടെങ്കില്‍ ആദ്യം കേസ്സെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെയും തോമസ് ഐസക്കിനെതിരെയും കോടിയേരിക്കെതിരെയും തന്നെ ആയിരിക്കണമെന്ന് കെ. സുരേന്ദ്രന്‍ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു..

ഔദ്യോഗികമായി കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങള്‍ നാഷണല്‍ എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഈ കമ്മിറ്റി ഔദ്യോഗികമായി ഇത്ര തുക നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലയെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് യു.എ.ഇ പ്രസിഡന്റ് കേരളത്തിന് സഹായമായി 700 കോടി നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം അംബാസിഡര്‍ നിഷേധിച്ചിട്ടുമില്ല. എന്നാല്‍ ഔദ്യോഗികമായി അത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇതിന് പിന്നാലെയാണ് സുരേന്ദ്രന്‍ പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തിയത്. ”ഈ ഇല്ലാത്ത കാര്യം ആദ്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. പിന്നെ മോദി അത് മുടക്കി എന്നു പറഞ്ഞ് തോമസ് ഐസക്കും കോടിയേരിയും രംഗത്തെത്തി. അതേറ്റുപിടിച്ച് ജിഹാദികളും സി.പി.ഐ.എം അണികളും നാടാകെ മോദിക്കെതിരെ നീചമായ പ്രചാരണം നടത്തിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.

പ്രളയത്തെ തുടര്‍ന്ന് ജനങ്ങളില്‍ ഉയര്‍ന്നു വന്ന അസാധാരണമായ ഐക്യബോധം തകര്‍ക്കാനാണ് ഒരു വിഭാഗം തീവ്രവാദികള്‍ ഇതുവഴി ശ്രമിച്ചത്. പ്രധാനമന്ത്രിയുടെ വാളില്‍ക്കയറി തീവ്രവാദികള്‍ അങ്ങേയറ്റം വൃത്തികെട്ട വാക്കുകള്‍ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചു. അതിനെല്ലാം കാരണമായതാവട്ടെ ഊരും പേരുമില്ലാത്ത മുഖ്യമന്ത്രിയുടെ ഒരു പ്രഖ്യാപനവും.

ആരുപറഞ്ഞിട്ടാണ് മുഖ്യമന്ത്രി ഇതു പ്രഖ്യാപിച്ചത്? ആര്‍ത്തിപ്പണ്ടാരമായ തോമസ് ഐസക് ആവട്ടെ മോദിയെ പട്ടിയോടുപമിച്ച് ട്വീറ്റുക വരെ ചെയ്തു. കോടിയേരിയുടേത് കേന്ദ്രത്തോടുള്ള യുദ്ധപ്രഖ്യാപനം ആയിരുന്നു.

കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇത് അതിനേക്കാള്‍ അപ്പുറമായിപ്പോയി. കോടിയേരി, ഐസക്ക് മുതലായവര്‍ ഇനിയെങ്കിലും അന്ധമായ മോദി വിരോധം അവസാനിപ്പിക്കണം. ഇത്തിരി ലജ്ജ എന്നൊന്ന് നിങ്ങളുടെ നിഘണ്ടുവിലുണ്ടെങ്കില്‍ ലോകം മുഴുവനുള്ള മലയാളികളോട് നിങ്ങള്‍ മാപ്പുപറയണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

error: Content is protected !!