ചുമതല തന്നിരുന്നില്ലെന്ന് മന്ത്രി തിലോത്തമന്‍; കെ. രാജു കൂടുതല്‍ പ്രതിരോധത്തില്‍

മന്ത്രി കെ രാജു കൂടുതല്‍ പ്രതിരോധത്തില്‍. വകുപ്പിന്‍റെ ചുമതല വഹിക്കാന്‍ കെ.രാജു ആവശ്യപ്പെട്ടിരുന്നില്ലെന്ന് മന്ത്രി പി. തിലോത്തമന്‍ വ്യക്തമാക്കി. ജര്‍മ്മനിക്ക് പോകുന്ന കാര്യം വാക്കാല്‍ പറഞ്ഞിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അയച്ച കത്ത് ഓഫിസിലെത്തിയതായി പിന്നീട് അറിഞ്ഞു. എന്നാല്‍ കത്ത് കണ്ടിട്ടില്ലെന്നും പി.തിലോത്തമന്‍ പറഞ്ഞു.

അതേസമയം, ജര്‍മ്മന്‍ യാത്ര തെറ്റായതുകൊണ്ടാണ് കെ.രാജുവിനെ തിരിച്ച് വിളിച്ചതെന്ന് കാനം രാജേന്ദ്രന്‍‌ പറഞ്ഞു.കേരളം രൂക്ഷമായ പ്രളയക്കെടുതി നേരിടവെയായിരുന്നു മന്ത്രി കെ രാജു വിദേശയാത്ര നടത്തിയത്. അതേസമയംമ മന്ത്രി രാജു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിശദീകരണം നല്‍കി.

എല്ലാം പാര്‍ട്ടി സെക്രട്ടറിക്ക് അറിയാമെന്നായിരുന്നു  കെ രാജുവിന്‍റെ വിശദീകരണം. എന്നാല്‍ വിദേശയാത്രയില്‍ പ്രശ്നമൊന്നുമില്ലെന്നായിരുന്നു മന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രതികരണം. മന്ത്രി കെ.രാജുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് താന്‍ ചെയ്തതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രി തിരിച്ചെത്തിക്കഴിഞ്ഞാല്‍ തുടര്‍നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് കാനം പറഞ്ഞത്. മന്ത്രിയുടെ നിലപാട് പാര്‍ട്ടിയെ അറിയിച്ച ശേഷം പാര്‍ട്ടി നിലപാട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വെള്ളപ്പൊക്കത്തിന് മുന്നേ തീരുമാനിച്ച യാത്രയാണ്. എങ്കിലും ആ സമയത്ത് പോയതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രിക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യം പരസ്യമായി സംവാദം ചെയ്യേണ്ടതില്ലെന്നുമാണ് കാനം പറഞ്ഞത്.

16-ാം തീയതിയാണ് മന്ത്രി കെ രാജു ജർമ്മനിക്ക് പോകുന്നത്. തൊട്ടുതലേദിവസം കോട്ടയം പൊലീസ് ഗൗണ്ടിൽ നടന്ന സ്വാതന്ത്രദിനപരേഡിൽ മന്ത്രിയായിരുന്നു മുഖ്യാതിഥി. കോരിച്ചൊരിയുന്ന മഴയത്തായിരുന്നു ചടങ്ങ്. മഴക്കെടുതിയിൽ തകർന്ന വീടുകളും റോഡുകളും പുനർനിർമ്മിക്കുന്നതിന് എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം പ്രസംഗം നിർത്തിയത്.

ശക്തമായ മഴ കാരണം പരേഡിനോടുനുബന്ധിച്ച് നിശ്ചയിച്ചിരുന്ന കുട്ടികളുടെ പരിപാടികൾ മന്ത്രിയുടെ അറിവോടെയാണ് റദ്ദാക്കിയത്. ഒരു മാസം മുൻപ് കോട്ടയം വെള്ളത്തിനടിയിലായപ്പോൾ ജില്ലയുടെ ചുമതലയുള്ള മന്ത്രി എത്താത്തത് വലിയ വിവാദമായിരുന്നു.  വിമർശനം ശക്തമായപ്പോഴാണ് മന്ത്രി അന്ന് കോട്ടയത്ത് എത്തിയത്.

error: Content is protected !!