ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് ഉടനില്ല; മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു

ലൈംഗീക പീഡന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല. ബിഷപ്പിനെതിരായ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. തെളിവ് ശേഖരണം പൂര്‍ത്തിയായാല്‍ മാത്രമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ. ബിഷപ്പ് അന്വേഷണത്തോട് സഹകരിച്ചെന്നും ഡിവൈ.എസ്.പി സുഭാഷ് പറഞ്ഞു. ബിഷപ്പിന്റെ മൊബൈല്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധന നടത്തും. ജലന്ധറില്‍ നിന്ന് കേരളത്തില്‍ മടങ്ങിയെത്തിയ ശേഷമായിരിക്കു ഫോറന്‍സിക് പരിശോധന.

ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ബിഷപ്പ് ഹൗസില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഉച്ചയ്ക്ക് മൂന്നേകാലിന് എത്തിയ അന്വേഷണ സംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനായി രാത്രി എട്ടു മണിവരെ കാത്തിരുന്നു. രാത്രി എട്ടു മണി മുതൽ പുലര്‍ച്ചെ അഞ്ചു വരെ ചോദ്യം ചെയ്യൽ നീണ്ടു. ബലാല്‍സംഗത്തിന് ഇരയായെന്ന കന്യാസ്ത്രീ പരാതിപ്പെട്ട ആദ്യ തീയതിയിൽ പോലും കുറവിലങ്ങാട് മഠത്തിൽ എത്തിയിട്ടില്ലെന്ന വാദത്തിൽ ചോദ്യം ചെയ്യലിൽ ഉടനീളം ബിഷപ്പ് ഉറച്ചു നിന്നു.

തെളിവുകളെല്ലാമുണ്ടെന്ന് നേരത്തെ പറഞ്ഞ അന്വേഷണ സംഘം മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പറഞ്ഞ് ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് ബിഷപ്പ് ഹൗസില്‍ നിന്ന് മടങ്ങുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലോടെ കേസ് അവസാനിച്ചുവെന്ന് ഉറച്ച ആത്മവിശ്വാസത്തിലാണ് ബിഷപ്പിന്‍റെ അനുകൂലികള്‍. മുൻകൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കില്ലെന്ന് രൂപത പ്രതിനിധികള്‍ വ്യക്തമാക്കുന്നു.

ഇന്നലെ ഉച്ചതിരിഞ്ഞ് ബിഷപ്പ് ഹൗസിൽ ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഈ സമയം ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് ഹൗസിൽ ഇല്ലായിരുന്നു. ഇതോടെ ബിഷപ്പിനെ ചോദ്യം ചെയ്യുന്നുവെന്ന കേരള പൊലീസിന്റെ വാദം പൊളിഞ്ഞു. ഫ്രാങ്കോ മുളയ്ക്കൽ രാത്രി 7.15ന് മാത്രമാണ് ബിഷപ്പ് ഹൗസിലെത്തിയത്. ഫ്രാങ്കോ മുളയ്ക്കലിന്‍റെ വാഹനമെത്തിയപ്പോൾ നാടകീയ രംഗങ്ങള്‍ ബിഷപ്പ് ഹൗസിൽ അരങ്ങേറി.

error: Content is protected !!