ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞയ്ക്ക്; നരേന്ദ്ര മോദിക്ക് ക്ഷണമില്ല

പാകിസ്ഥാനിൽ ഇമ്രാൻഖാൻറെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കില്ല. ലളിതമായി ചടങ്ങു നടത്താനാണ് തീരുമാനമെന്നും വിദേശ നേതാക്കളെ ക്ഷണിക്കുന്നില്ലെന്നും ഇമ്രാൻഖാന്‍റെ  പാർട്ടിയായ പിടിഐയുടെ വക്താവ് ഫഹദ് ചൗധരി വ്യക്തമാക്കി. പ്രസിഡന്‍റിന്‍റെ വസതിയിലാവും ചടങ്ങ്. നരേന്ദ്രമോദി സത്യപ്രതിജ്ഞയ്ക്ക് പോകുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

വിദേശ നേതാക്കളെ ചടങ്ങിലേക്കു ക്ഷണിക്കുന്നതു സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായം പിടിഐ ആരാഞ്ഞിരുന്നു. ഇന്ത്യയിൽ നിന്ന് നടൻ ആമിർ ഖാൻ, ക്രിക്കറ്റ് താരങ്ങളായ സുനിൽ ഗവാസ്കർ, കപിൽ ദേവ്, നവ്ജ്യോത് സിങ് സിദ്ദു എന്നിവർക്കാണു ക്ഷണമുള്ളത്. ഈ മാസം 11നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് എല്ലാ സാർക് നേതാക്കളെയും ക്ഷണിക്കുന്ന കാര്യം ഉടൻ തീരുമാനിക്കുമെന്നും പിടിഐ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഇമ്രാൻഖാനെ ഫോണിൽവിളിച്ച് അഭിനന്ദനം അറിയിച്ചു. അതേസമയം, 116 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭരിക്കാൻ പിടിഐയ്ക്ക് 22 പേരുടെ പിന്തുണ കൂടി വേണം. കേവലഭൂരിപക്ഷം ലഭിക്കാത്തതിനാൽ പാർട്ടി നേതൃത്വം ചെറുകക്ഷികളുമായും സ്വതന്ത്രരുമായും ചർച്ച നടത്തുകയാണ്.

error: Content is protected !!