ഇടുക്കി അണക്കെടട്ടിലെ ജലനിരപ്പ് 2396 അടി; ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കില്ല

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396 അടിയിലെത്തി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാൽ നിലവിൽ ഡാമിലേക്കുള്ള നീരൊഴുക്കിനും കുറവുണ്ട്. ഈ സാഹചര്യത്തിൽ ഡാം തുറക്കുന്നത് പരമാവധി ഒഴിവാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെയും കെഎസ്ഇബിയുടെയും ശ്രമം.

എന്നാൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കേണ്ടത് അനിവാര്യമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. വൈദ്യുതി മന്ത്രി എംഎം മണി ഇന്ന് രാവിലെ വീണ്ടും ഡാം സന്ദര്‍ശിക്കും. തുടര്‍ന്ന് കലക്ട്രേറ്റിൽ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ നിര്‍ണ്ണായക തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 2400 അടിയിലെത്തിയശേഷം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച നിര്‍ദേശം.

അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയില്‍ എത്തിയതോടെ തിങ്കളാഴ്ച രണ്ടാം ജാഗ്രത നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ജലനിരപ്പ് 2400 അടിയിലെത്തുമ്പോള്‍ അണക്കെട്ട് തുറക്കുകയെന്ന ഉന്നതതല തീരുമാനത്തില്‍ മാറ്റം വരുത്തി, 2397-2398 അടിയിലെത്തുമ്പോള്‍ തുറക്കാമെന്നായിരുന്നു മന്ത്രി എം.എം. മണിയുടെ നിര്‍ദേശം. ഇത് നടപ്പാക്കുന്നതിന് മുന്നോടിയായി പരീക്ഷണ തുറക്കലിന് തീരുമാനിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ പരീക്ഷണ തുറക്കല്‍ ഉണ്ടായാല്‍ അത് ജലനിരപ്പ് 2397ലോ 2398ലോ എത്തിയ ശേഷമാകുമെന്നാണ് സൂചന.

മുമ്പ് രണ്ടുതവണയും 2401 അടിയില്‍ വെള്ളമെത്തിയ ശേഷമാണ് അണക്കെട്ട് തുറന്നത്. 2403 അടിയാണ് പൂര്‍ണ സംഭരണശേഷി. തിങ്കളാഴ്ച നീരൊഴുക്ക് കുറവായിരുന്നു. 35.19 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലമാണ് ഒഴുകിയെത്തിയത്. പരമാവധി വൈദ്യുതി ഉല്‍പാദനമാണ് അഞ്ചു ദിവസമായി ഇടുക്കിയിലേത്. 15.01 ദശലക്ഷം യൂനിറ്റായിരുന്നു തിങ്കളാഴ്ചത്തെ ഉല്‍പാദനം. ഇത് ഈ വര്‍ഷത്തെ റെക്കോഡാണ്.

error: Content is protected !!