ക്യാമ്പുകളിലേക്കുള്ള ഭക്ഷണവിതരണം ഏകോപിപ്പിച്ച് ഹബ്ബുകള്‍

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിക്കുന്ന ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ച് കാലതാമസം കൂടാതെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുന്നതിന് ജില്ലയില്‍ അടൂര്‍ മര്‍ത്തോമ്മ യൂത്ത് സെന്റര്‍ കേന്ദ്രമാക്കി പ്രധാന ഹബ്ബ് പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമേ കോഴഞ്ചേരി സെന്റ്‌തോമസ് കോളേജ്, കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്ക് ഓഫീസുകള്‍, തിരുവല്ല എംജിഎം സ്‌കൂള്‍, ജില്ലാ കളക്ടറേറ്റ് എന്നിവിടങ്ങളില്‍ ആറ് സബ് ഹബ്ബുകളും പ്രവര്‍ത്തിക്കുന്നു. പ്രധാന ഹബ്ബിലെത്തുന്ന സാധനസാമഗ്രികള്‍ സബ് ഹബ്ബുകളിലെത്തിക്കാതെ തന്നെ ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

സബ് ഹബ്ബുകളിലെത്തുന്ന സാധനങ്ങളും ഇതേ രീതിയില്‍ ക്യാമ്പുകളിലേക്ക് വിതരണം ചെയ്തുവരുന്നു. അടൂരിലെ പ്രധാന ഹബ്ബില്‍ ഇന്നലെ 25ഓളം വാഹനങ്ങളില്‍ ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിയിരുന്നു. തിരുവനന്തപുരം എസ്എം സ്‌കൂള്‍, കന്യാകുമാരിയിലെ സന്നദ്ധസംഘടനകള്‍, തിരുവനന്തപുരം വിമന്‍സ് കോളേജ്, കൊല്ലം കളക്ടറേറ്റ്, തിരുവനന്തപുരം വി.എം ഹൈസ്‌കൂള്‍, കന്യാകുമാരി ജില്ലാ ഭരണകൂടം, തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂള്‍, അടൂര്‍ രാഹുല്‍, പട്ടം ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുവനന്തപുരം ഹാന്‍ടെക്‌സ്, പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ്, പ്രൊഫ.ഡി.കെ.ജോണ്‍, പേര് വെളിപ്പെടുത്താത്ത വിവിധ വ്യക്തികള്‍, സംഘടനകള്‍ എന്നിവരുടെ ചുമതലയിലാണ് സാധനങ്ങള്‍ എത്തിച്ചത്. വലിയ ട്രക്കുകള്‍ മുതല്‍ ചെറിയ ജീപ്പുകളില്‍ വരെയാണ് വിവിധ വ്യക്തികളും സംഘടനകളും സാധനങ്ങള്‍ എത്തിച്ചത്. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ റവന്യു ജീവനക്കാരുടെ നേതൃത്വത്തില്‍ പോലീസിന്റെ കൂടി സഹായത്തോടെയാണ് സാധനസാമഗ്രികള്‍ ക്യാമ്പുകളിലേക്ക് എത്തിച്ചത്. ഹബ്ബുകളിലെത്താതെ തന്നെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നേരിട്ടും ധാരാളം ഭക്ഷണ സാധനങ്ങളും മറ്റ് സാമഗ്രികളും എത്തുന്നുണ്ട്.

അടൂരുള്ള പ്രധാന ഹബ്ബിന്റെ ഏകോപന ചുമതല അഡീഷണല്‍ തഹസീല്‍ദാര്‍ നവീന്‍ബാബുവിനാണ്. കോഴഞ്ചേരി ഹബ്ബിന്റെ ചുമതല പവര്‍ഗ്രിഡ് സ്‌പെഷ്യല്‍ തഹസീല്‍ദാ ര്‍ രാജലക്ഷ്മിക്കും കോന്നി താലൂക്ക് ഓഫീസിന്റേത് ഡെപ്യൂട്ടി തഹസീല്‍ദാര്‍ തുളസീധരന്‍ നായര്‍ക്കും റാന്നിയിലേത് ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോണ്‍ സാമിനും മല്ലപ്പള്ളി താലൂക്ക് ഓഫീസിന്റേത് ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഡി.അജയനും തിരുവല്ല എംജിഎം സ്‌കൂളിലെ ഹബ്ബിന്റെ ചുമതല ആര്‍ആര്‍ തഹസീല്‍ദാര്‍ വി.എസ്.വിജയകുമാറിനുമാണ് നല്‍കിയിട്ടുള്ളത്. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹബ്ബിന്റെ ഏകോപനം നിര്‍വഹിക്കുന്നത് എല്‍എ തഹസീല്‍ദാര്‍ ചന്ദ്രശേഖരക്കുറുപ്പിനാണ്.

error: Content is protected !!