ദുരിതാശ്വാസത്തിന്‍റെ പേരില്‍ തട്ടിപ്പ്; മോഷണ കേസ് പ്രതിയുള്‍പ്പെടെ അറസ്റ്റില്‍

കേരളം പ്രളയക്കെടുതിയില്‍ നിന്ന്‍ കരകയറാന്‍ ശ്രമിക്കുമ്പോള്‍ മനസാക്ഷിയില്ലാത്ത പ്രവര്‍ത്തനവുമായി ഇറങ്ങിയിരിക്കുകയാണ് ചിലര്‍. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പിരിച്ചെടുത്ത ഭക്ഷണ സാധനങ്ങള്‍ മറിച്ച് വിറ്റും പൂഴ്ത്തി വെച്ചും ചിലര്‍ വാര്‍ത്തയിലിടം നേടി. എന്നാല്‍ ദുരിത ബാധിതര്‍ക്കെന്നും പറഞ്ഞ് സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ബക്കറ്റ് പിരിവ് നടത്തി കണ്ണൂരില്‍ പിടിയിലായിരിക്കുന്നത് സ്ഥിരം മോഷണക്കേസ് പ്രതി തന്നെയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്കെന്ന വ്യാജേന സ്വന്തം ആവശ്യങ്ങൾക്ക്ബക്കറ്റ് പിരിവ് നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ. പത്തോളം പിടിച്ച്പറി,മോഷണ കേസുകളിലെ പ്രതിയായ ചക്കരക്കൽ പെരളശ്ശേരി മൂന്ന്പെരിയ സ്വദേശി കൃഷ്ണനിവാസിൽ റിഷബ് (27), കഞ്ചാവ് കേസുൾപ്പടെ നിരവധി കേസുകളിലെ പ്രതിയായ അലവിൽ സ്വദേശി അഷിയാന വീട്ടിൽ സഫാൻ (26), കക്കാട് കുഞ്ഞിപ്പള്ളി സുബൈദ മൻസിലിൽ മുഹമ്മദ് ഇർഫാൻ (23) എന്നിവരെയാണ് കണ്ണൂർ പോലീസ് മൈതാനിയിൽ വച്ച് ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇവിടെ നടക്കുന്ന ഫെയറിൽ ബക്രീദ് ദിനമായ ഇന്നലെ നല്ല തിരക്കായിരുന്നു. ധാരാളംപേർ എത്തുന്ന സാഹചര്യം മുതലെടുത്ത് പോലീസ് മൈതാനത്തിന്റെ കവാടത്തിൽ “ദുരിതാശ്വാസ നിധിയിലെക്ക് ഉദാരമായി സംഭാവന ചെയ്യുക ” എന്ന് പേപ്പറിൽഎഴുതി ഒട്ടിച്ച രണ്ട് ബക്കറ്റുമായി മൂവർ സംഘം പിരിവ് നടത്തുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെരാത്രി 9 :30 ഓടെ ടൗൺ എസ്.ഐ. ശ്രീജിത്ത് കൊടെരി, എ.എസ്.ഐ.ലക്ഷമണൻ, സി.പി.ഒ.മാരായ സജിത്ത്, മഹേഷ് എന്നിവർ സ്ഥലത്ത് എത്തി. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.ഇവരുടെ ബക്കറ്റിൽ നിന്നും 3540രൂപ കണ്ടെടുത്തു. സമാനമായ രീതിയിൽ പലരും ഇത്തരം ബക്കറ്റ് പിരിവ് നടത്തുന്നതായി രഹസ്യാന്വേക്ഷണ വിഭാഗം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

വ്യാജപിരിവുകാർെക്കെതിരെ കർശ്ശന നടപടി എടുക്കുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.കേരള സർക്കാറിനെയും, പൊതുജനങ്ങളെയും വഞ്ചിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

error: Content is protected !!