164 മരണം, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം;മുഖ്യമന്ത്രി

സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തില്‍ 9ദിവസത്തിനിടെ 164 പേരാണ് മരിച്ചത്.സ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്.രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. 52,856 കുടുംബങ്ങളിലായി 2,23,000 പേർ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രാവിലെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി സംസാരിച്ചു. നമ്മള്‍ നേരിടുന്ന ദുരന്തത്തിന്റെ ഗൗരവും ഉള്‍ക്കൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണമെന്നും പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ ഡാമുകള്‍ സുരക്ഷിതമാണ്. മറിച്ചുള്ള പ്രചരണങ്ങള്‍ മുഖ്യമന്ത്രി തള്ളികളഞ്ഞു.

എയര്‍ഫോഴ്സിന്റെ ടീമുകള്‍ വിവിധ ജില്ലകളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോയിട്ടുണ്ട്. ചാലക്കുടി മൂന്ന്, എറണാകുളം അഞ്ച് ,പത്തനംതിട്ട രണ്ട്, ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് ടീമുകളുടെ എണ്ണം. ഇനിയും ഹെലികോപ്റ്ററുകള്‍ എത്തും. ആലപ്പുഴയിലേക്കും പത്തനംതിട്ടയിലേക്കും രണ്ട് ഹെലികോപ്റ്ററുകള്‍ കൂടി എത്തിക്കും. 11 ഹെലികോപ്റ്ററുകള്‍ കൂടി എയര്‍ഫോഴ്സിന്റെ പക്കല്‍ ഉണ്ടാകും. അതും രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി വിനയോഗിക്കും.

തൃശൂര്‍, ചാലക്കുടി, ആലുവ, ചെങ്ങന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ 1500 ലേറെ ബോട്ടുകള്‍ ഇന്നെത്തിച്ചു. ബോട്ട് വഴി രക്ഷപ്പെടുത്താന്‍ കഴിയാത്തവരെ ഹെലികോപ്റ്റര്‍ മാര്‍ഗം രക്ഷപ്പെടുത്തും. സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആര്‍മിയുടെ 16 ടീമുകളും നാവികസേനയുടെ 13 ടീമുകളും കോസ്റ്റ്ഗാഡിന്റെ 28 ടീമുകളും രംഗത്തുണ്ട്. ദുരന്തനിവാരണത്തിനായി 39 ടീമുകളും പ്രത്യേകമായി പ്രവര്‍ത്തിക്കുന്നു

ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. കൂടുതല്‍ പ്രശ്നമുള്ള സ്ഥലങ്ങളില്‍ ഓരോ മണിക്കൂറിലും വിവരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചു . ഓരോ നാല് മണിക്കൂറിലും ക്രോഡീകരിച്ച് വിവരം നല്‍കുന്നതിനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ഓരോ മേഖലക്കും പ്രത്യേകമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുണ്ട്. അവരെല്ലാം സജീവമായി തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പ്രധാനപ്രശ്നം നിര്‍ദ്ദേശമുണ്ടായിട്ടും ഒഴിഞ്ഞുപോകാത്തതാണ്. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അംഗീകരിക്കണം. ആളുകളെ ഇന്നു തന്നെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയും കനത്ത മഴയ്ക്കു സാധ്യത. രണ്ടു ജില്ലകളിലും അതീവജാഗ്രതാനിർദേശം നാളെവരെ നീട്ടി. തൃശൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിലും ജാഗ്രതാനിർദേശം തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കു മാത്രമേ സാധ്യത മറ്റന്നാൾ മുതൽ എല്ലാ ജില്ലകളിലും മഴ ദുർബലമാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

error: Content is protected !!