കരുണാനിധിയുടെ മൃതദേഹം രാജാജി ഹാളില്‍: സംസ്കാരത്തെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു

അന്തരിച്ച നേതാവ് എം.കരുണാനിധിയുടെ മൃതദേഹം പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. മുന്‍തമിഴ്‌നാട് മുഖ്യമന്ത്രിമാരായ സി.എന്‍.അണ്ണാദുരൈ, എം.ജി.ആര്‍, ജയലളിത എന്നിവരുടെ മൃതശരീരങ്ങളും മുന്‍പ് ഇവിടെ പൊതുദര്‍ശനത്തിന് വച്ചിരുന്നു. രാജാജി ഹാളിന്റെ അതേ പടിക്കെട്ടുകളില്‍ ചാഞ്ഞുകിടന്നാവും കരുണാനിധിയും ജനലക്ഷങ്ങള്‍ക്ക് മുന്‍പില്‍ അവസാനമായി പ്രത്യക്ഷപ്പെടുക.

പുലര്‍ച്ചെ 5.30ഓടെയാണ് സി.ഐ.ടി നഗറിലെ കനിമൊഴിയുടെ വീട്ടില്‍ നിന്നും കരുണാനിധിയുടെ ഭൗതികദേഹം ആംബുലന്‍സില്‍ രാജാജി നഗറിലെത്തിച്ചത്. കരുണാനിധിയെ അവസാനമായി കണ്ട് തങ്ങളുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ആയിരക്കണക്കിന് ആളുകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ രാജാജി ഹാളിന് മുന്നില്‍ വരി നില്‍ക്കുന്നുണ്ടായിരുന്നു.

സൂപ്പര്‍താരം രജനീകാന്ത് കുടുംബസമേതമെത്തി കരുണാനിധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മരുമകനായ നടന്‍ ധനുഷും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.ടി.വി.ദിനകരനും കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

രാജാജി ഹാളില്‍ നിന്നും വൈകിട്ടോടെ കരുണാനിധിയുടെ ഭൗതികദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകുവാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതെവിടെ വച്ചാവും എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ചെന്നൈ മറീനാ ബീച്ചിലെ അണ്ണാസമാധിയോട് ചേര്‍ന്ന് കരുണാനിധിയെ അടക്കം ചെയ്യണമെന്നാണ് ഡിഎംകെ പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ കുടുംബവും ആഗ്രഹിക്കുന്നതെങ്കിലും ഇതിനുള്ള അനുമതി സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിട്ടില്ല.

ഗിണ്ടിയില്‍ ഗാന്ധിസ്മാരകത്തോട് ചേര്‍ന്ന് രണ്ട് ഏക്കര്‍ സ്ഥലം കരുണാനിധിയുടെ സ്മാരകത്തിനായി അനുവദിച്ചു കൊണ്ട്ഇന്നലെ വൈകുന്നേരം തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശപരിപാലനനിയമപ്രകാരം മറീനയില്‍ കൂടുതല്‍ നിര്‍മ്മാണങ്ങള്‍ പാടില്ലെന്നും, ജയലളിതയുടെ മരണാനന്തരം മറീനയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് അഞ്ച് ഹര്‍ജികള്‍ ഹൈക്കോടതിയിലുള്ളതും ചൂണ്ടിക്കാട്ടിയാണ് മറീനയിലെ സംസ്‌കാരത്തിനുള്ള അനുമതി തമിഴ്‌നാട് സര്‍ക്കാര്‍ നിഷേധിച്ചത്.

ഇതിനെ മറികടന്ന് അനുമതി നേടാനായി ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയും അടിയന്തര പ്രാധാന്യത്തോടെ കോടതി ചൊവ്വാഴ്ച്ച രാത്രി തന്നെ ഹര്‍ജി പരിഗണിക്കുകയും ചെയ്തു. എന്നാല്‍ രാത്രി ഒന്നരയോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സമയം വേണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ ആവശ്യത്തെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി രാവിലെ എട്ട് മണിയിലേക്ക് മാറ്റി വച്ചിരിക്കുകയാണ്.

ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനത്തിന്റെ നായകനായ സി.എന്‍.അണ്ണാദുരൈ കരുണാനിധിയ്ക്ക് ഗുരുവും സഹോദരതുല്യനുമാണ്. അദ്ദേഹത്തോട് ചേര്‍ന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഉറപ്പാക്കുക എന്നത് ഡിഎംകെയെ സംബന്ധിച്ച് വൈകാരികമായ ഒരു വിഷയമാണ്. കരുണാനിധിയുടെ സമകാലീനരായിരുന്ന എം.ജി.ആറും ജയലളിതയും മറീനയിലാണ് സംസ്‌കരിക്കപ്പെട്ടത് എന്നത് കൂടി പരിഗണിക്കുമ്പോള്‍ ദൂരവ്യാപകപ്രത്യാഘതാമുണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ വിഷയം കൂടിയായി ഇത്  മാറുന്നു. അതിനാല്‍ തന്നെ കേവലം നിയമപ്രശ്‌നങ്ങള്‍ക്കപ്പുറം എഐഎഡിഎംകെ സര്‍ക്കാരിന്റെ തീരുമാനം പകപോകാലായി കൂടിയാണ് ഡിഎംകെ അണികള്‍ കാണുന്നത്.

കരുണാനിധിയ്ക്ക് അണ്ണാദുരൈയോട് ചേര്‍ന്ന് ആറടി മണ്ണ് അനുവദിക്കൂ…. എന്ന മുദ്രാവാക്യമാണ് ഇന്നലെ രാത്രിയിലുടനീളം തമിഴ്‌നാട്ടില്‍ ഡിഎംകെ അണികള്‍ ഉയര്‍ത്തിയത്. ഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയപ്പോള്‍ രാത്രി പലതവണ പൊലീസിന് ലാത്തിചാര്‍ജ് നടത്തേണ്ടി വന്നു.

ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്നും പ്രതികൂല വിധിയുണ്ടായാല്‍ അടുത്ത നിമിഷം സുപ്രീംകോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പുകള്‍ ദില്ലിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിലും ഇതിനായി ഡിഎംകെ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. 20 വര്‍ഷം മുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന നേതാവിന്റെ സംസ്‌കാരം സംബന്ധിച്ചുള്ള തീരുമാനം വൈകും തോറും ഡിഎംകെ അണികള്‍ അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും ശക്തമാക്കുകയാണ്.

error: Content is protected !!