ഇ പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

ഇ പി ജയരാജൻ വീണ്ടും മന്ത്രി സഭയിലേക്ക്. ഇ പിയുടെ മന്ത്രിസഭാ പുനപ്രവേശം സംബന്ധിച്ച്  നേതാക്കൾക്കിടയിൽ ധാരണയായതായാണ് സൂചന. വെള്ളിയാഴ്ച സിപിഎം സെക്രെട്ടറിയേറ്റും സംസ്ഥാന സമിതിയും വിഷയം ചര്‍ച്ച ചെയ്യും.  തിങ്കളാഴ്ച്ച നടക്കുന്ന എല്‍ഡിഎഫ് യോഗത്തിന് മുൻപ് സിപിഐ യുമായി സിപിഎം വിഷയത്തില്‍ ചർച്ച നടത്തുമെന്നാണ് സൂചന.

ബന്ധുനിയമനക്കേസില്‍ കുറ്റവിമുക്തനായ സാഹചര്യത്തില്‍ മന്ത്രിസഭയിലേക്കു മടങ്ങിവരാനുള്ള ഒരുക്കത്തിലായിരുന്നു ഇ പി ജയരാജന്‍. എ.കെ.ശശീന്ദ്രനു ലഭിച്ച നീതി ഇ.പിക്കും ലഭിക്കണമെന്ന് ഒപ്പമുള്ളവര്‍ വാദിച്ചിരുന്നു.

മന്ത്രിസഭ അഴിച്ചുപണിയണമെന്ന് തൃശൂരില്‍ നടന്ന സംസ്ഥാനസമ്മേളനത്തിലും ആവശ്യമുയര്‍ന്നിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശം എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചായിരുന്നു സമ്മേളനങ്ങളില്‍ വലിയ പരാതി ഉയര്‍ന്നത്.

വിദ്യാഭ്യാസ വര്‍ഷത്തിനു മികച്ച തുടക്കമിട്ടും, പദ്ധതിവിഹിതം ചിലവഴിക്കുന്നതില്‍ റെക്കോര്‍ഡിട്ടും മറ്റുള്ള വകുപ്പുകളും പരാതികള്‍ മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവിലെ മന്ത്രിമാരില്‍ ആരെയെങ്കിലും മാറ്റണമോ എന്നതില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. ഇരുപത്തിയൊന്നുപേര്‍ക്ക് മന്ത്രിമാരാകാമെങ്കിലും നിലവില്‍ 19 പേര്‍മാത്രമാണ് പിണറായി മന്ത്രിസഭയിലുള്ളത്.

അനാരോഗ്യം അലട്ടിയിരുന്ന ടി.പി.രാമകൃഷ്ണന്‍ നേരത്തെ മന്ത്രിസ്ഥാനം ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കൂടാതെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കിയുള്ള അഴിച്ചുപണിയും ചര്‍ച്ചകളില്‍ സജീവമാണ്.

error: Content is protected !!