ബാലറ്റ് പേപ്പര്‍ വേണ്ടെന്ന്‍ സിപിഎം

ലോക്‌സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തേണ്ടതില്ലെന്ന് സിപിഎം. ഇലക്‌ട്രോണിക് യന്ത്രം മാറ്റി ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്ന പ്രതിപക്ഷത്തിന്റെ പൊതുനിലപാടിനെതിരായാണ് സിപിഎം തീരുമാനം എടുത്തിരിക്കുന്നത്. ബാലറ്റിലേക്ക് മടങ്ങുന്നതു തിരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകുമെന്നാണ് സിപിഎം ഉന്നയിക്കുന്ന പ്രധാന കാര്യം. വോട്ടുയന്ത്രത്തില്‍ വിവിപാറ്റ് ഘടിപ്പിച്ചാല്‍ മതിയെന്നുമാണ് പാര്‍ട്ടിയുടെ പുതിയ നിലപാട്.

മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ആവശ്യമുന്നയിച്ച് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനിരിക്കുകയാണ്. സിപിഎമ്മും ഇതിനെ പിന്തുണയ്ക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ബാലറ്റ് പേപ്പര്‍ വേണ്ടെന്ന് സിപിഎം പിബി തീരുമാനമെടുക്കുകയായിരുന്നു.

വോട്ട് ചെയ്തതിന്റെ രസീത് ലഭ്യമാക്കുന്ന വിവിപാറ്റ്, വോട്ടുയന്ത്രത്തില്‍ ഘടിപ്പിച്ച് കഴിയുന്നത്ര കുറ്റമറ്റതാക്കാനാണ് ഈ ഘട്ടത്തില്‍ ശ്രമിക്കേണ്ടത്.തെരഞ്ഞെടുപ്പു പരിഷ്‌കരണത്തിന്റെ കാര്യത്തില്‍ സി.പി.എം പുതിയ നയം രൂപപ്പെടുത്തുകയാണ്. നയത്തിന് പോളിറ്റ് ബ്യൂറോ ഇന്ന് അന്തിമരൂപം നല്‍കും.

കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ബിഎസ്പി, എൻസിപി, ആർജെഡി, എഎപി, വൈഎസ്ആർ, ഡിഎംകെ, ജെഡിഎസ്, ടിഡിപി, കേരള കോൺഗ്രസ് (എം), സിപിഐ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളാണ് ബാലറ്റ് പേപ്പര്‍ തിരികെയെത്തിക്കണമെന്ന ആവശ്യവുമായി ഒന്നിക്കാനിരിക്കുന്നത്. അടുത്ത ആഴ്ചയോടെ കമ്മിഷനെ സമീപിക്കാനാണു നിലവിലെ തീരുമാനം. വോട്ടിങ് യന്ത്രങ്ങളുടെ നിഷ്പക്ഷത ചോദ്യം ചെയ്ത തൃണമൂൽ കോൺഗ്രസ് നേരത്തേ തന്നെ ബാലറ്റ് പേപ്പറിനായി ആവശ്യം ഉന്നയിച്ചിരുന്നു.

error: Content is protected !!