കെ. രാജുവിന്റെ വിശദീകരണം പാര്‍ട്ടി നേതൃത്വം തള്ളി

സംസ്ഥാനത്ത്  പ്രളയദുരന്തം ഉണ്ടായ സമയത്ത് വിദേശസന്ദര്‍ശനത്തിന് പോയ മന്ത്രി കെ. രാജുവിന്റെ വിശദീകരണം സി.പി.ഐ നേതൃത്വം തള്ളി. പാര്‍ട്ടിയുടെ അനുമതിയോടെയാണ് താന്‍ വിദേശയാത്രയ്ക്കു പുറപ്പെട്ടതെന്നായിരുന്നു രാജുവിന്റെ വിശദീകരണം. ജര്‍മനിയില്‍ നിന്നും മടങ്ങിയെത്തിയ മന്ത്രി കെ. രാജു ഇന്നലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ നേരില്‍ കണ്ടാണ് ഇക്കാര്യത്തിലുള്ള വിശദീകരണം അറിയിച്ചത്.

ഇതില്‍ തൃപ്തനാകാതെ കാനം തന്റെ വിയോജിപ്പ് മന്ത്രിയെ അറിയിച്ചു. തനിക്ക് തെറ്റു പറ്റിയിട്ടില്ലെന്നും സന്ദര്‍ശനം പാര്‍ട്ടിയുടെ അനുമതിയോടെയാണെന്നുമുള്ള പ്രസ്ഥാവന നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുന്നതാണ്. ഒരു മാസം മുമ്പ് നല്‍കിയ അനുമതി ചൂണ്ടിക്കാട്ടി യാത്ര പോയ മന്ത്രി സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ തയാറായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

യാത്രയ്ക്കു മുമ്പ് മന്ത്രി വകുപ്പ് കൈമാറിയത് മുഖ്യമന്ത്രി അറിയാതെയാണെന്ന് വ്യക്തമായതോടെ സംഭവം രാഷ്ട്രീയവിവാദത്തിനും കാരണമായി.തന്റെ അസാന്നിധ്യത്തില്‍ വകുപ്പിന്റെ ചുമതലകള്‍ മന്ത്രി പി. തിലോത്തമനെ ഏല്‍പ്പിച്ചിരുന്നു എന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഇതേക്കുറിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നുമില്ല. വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല.

ഒരു മാസം മുമ്പ് ചേര്‍ന്ന സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയോഗത്തിലാണ് വിദേശ യാത്രയ്ക്ക് കെ. രാജു അനുമതി തേടിയത്. സംസ്ഥാനം കടുത്ത പ്രളയ ദുരിതം നേരിടുന്നതിനിടെ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായിരുന്നു ചുമതലയുണ്ടായിരുന്നത്. അതിഗുരുതര സ്ഥിതിയിലേക്ക് ജില്ല നീങ്ങുന്നതിനിടെ ഇതു വകവെയ്ക്കാതെ മന്ത്രി ജര്‍മനിയിലേക്ക് വിമാനം കയറുകയായിരുന്നു.

error: Content is protected !!