നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് വീണ്ടും നീട്ടി

പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് വീണ്ടും നീട്ടി. വിമാനത്താവളം ഈ മാസം 29 ന് മാത്രമേ തുറക്കുകയുള്ളുവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നേരത്തെ 26 ന് വിമാനത്താവളം തുറക്കുമെന്ന് അറിയിച്ചിരുന്നു. 29 ന് രണ്ടു മണി മുതലായിരിക്കും വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. എയര്‍ ലൈനുകളുടെയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടെയും ഇടയില്‍ 90 ശതമാനം പേരും പ്രളയദുരിതത്തില്‍ അകപ്പെട്ടവരാണ്.

തൊട്ടടുത്തുള്ള ഹോട്ടലുകളും, റെസ്‌റ്റോറന്റുകളും ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട നിലയിലാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശനഷ്ടമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ അവലോകന യോഗത്തിലാണ് വിമാനത്താവളം തുറക്കുന്നത് വീണ്ടും നീട്ടിയത്. എറണാകുളം ഉള്‍പ്പെടെയുള്ള മധ്യകേരളം പ്രളയക്കെടുതിയില്‍ നിന്ന് മോചിതരായിട്ടില്ലാത്ത സാഹചര്യമാണ്. അതിനാല്‍ യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചുണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം.

error: Content is protected !!