തകര്‍ന്ന വീടുകള്‍ നിര്‍മ്മിക്കാന്‍ പലിശരഹിത വായ്പ,ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് കിറ്റ്

മഴക്കെടുത്തിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ വാസയോഗ്യമാക്കാന്‍ ഒരുലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്കുകളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ക്യാമ്പുകളില്‍ ഉള്ളവരെ വീടുകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അഞ്ച് കിലോഗ്രാം അരിയടക്കമുള്ള കിറ്റ് നല്‍കും കേടായ വീട്ടുപകരണങ്ങള്‍ നന്നാക്കാന്‍ പദ്ധതി രൂപീകരിക്കും വീടു നഷ്ടപ്പെട്ടവർക്ക് പ്രത്യേക താമസമൊരുക്കും ജനങ്ങളുടെ താൽപര്യം പരിഗണിച്ചു കലക്ടർമാർ അനുയോജ്യ സ്ഥലം കണ്ടെത്തണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2774 ക്യാമ്പുകളിലായി 2,78,781 കുടുംബങ്ങളാണുള്ളത്. വിദ്യാഭ്യാസസ്ഥാപനങ്ങളിലേ ക്യാമ്പുകള്‍ ഓഡിറ്റോറിയത്തിലേക്ക് മാറ്റും.ക്യാമ്പുകളെക്കുറിച്ച് നിലവില്‍ പരാതികളില്ല. എന്നാല്‍ ക്യാമ്പ് വിട്ടുകഴിയുമ്പോഴുള്ള സ്ഥിതിയെക്കുറിച്ചാണ് ജനങ്ങളുടെ ആശങ്ക. വീട് നഷ്ടപ്പെട്ടവരെ പ്രത്യേക ക്യാമ്പുകള്‍ സജ്ജമാക്കി താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനത്തെ പിന്നാക്കം വലിക്കുന്ന തര്‍ക്കങ്ങളിലേക്ക് പോകരുത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഇടപെടലാണ് എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ചെയ്യേണ്ടത്. തര്‍ക്കിക്കാനുള്ള സമയമല്ല യോജിപ്പ് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെങ്ങന്നൂര്‍, കോഴഞ്ചേരി, പറവൂർ, ആലപ്പുഴ, ചാലക്കുടി എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ പുനരധിവസിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് സന്ദര്‍ശിച്ചതിന് ശേഷം പറഞ്ഞിരുന്നു.

error: Content is protected !!