പ്രളയത്തിന് കാരണം ഡാമുകളല്ല, കനത്ത മഴയെന്ന് കേന്ദ്ര ജല കമ്മീഷന്‍

ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ പ്രളയത്തിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര ജല കമീഷന്‍. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളും ഒറ്റയടിക്കു തുറന്നതല്ല പ്രളയത്തിനു കാരണമായതെന്നാണ് കേന്ദ്ര ജല കമ്മിഷന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ ഉണ്ടായ അപ്രതീക്ഷിതവും അതിശക്തവുമായ മഴയാണു ദുരന്തത്തിന് ഇടയാക്കിയത്. അണക്കെട്ടുകള്‍ നിറഞ്ഞത് അതിവേഗമാണ്.

ഭൂപ്രകൃതിയും ഇതില്‍ നിര്‍ണായക ഘടകമായി. നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രളയത്തിനാണു കേരളം സാക്ഷ്യം വഹിച്ചത്. കയ്യേറ്റങ്ങളും വികലമായ വികസനവും സ്ഥിതി രൂക്ഷമാക്കിയെന്നും ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പു വിഭാഗം മേധാവി സുഭാഷ് ചന്ദ്ര വ്യക്തമാക്കി.

അതേ സമയം, പ്രളയം മനുഷ്യസൃഷ്ടിയാണെന്നും മുന്നറിയിപ്പില്ലാതെ അണക്കെട്ടുകൾ തുറന്നതാണു ദുരന്തകാരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. വൈദ്യുതി, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ തർക്കം മൂലം ഇടുക്കി – ചെറുതോണി അണക്കെട്ട് തുറക്കാൻ വൈകി, ആളിയാർ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതു ചാലക്കുടിയെയും ബാധിച്ചു. സംയോജിത ജലനിയന്ത്രണ ബോർഡ് അധ്യക്ഷസ്ഥാനം ഇപ്പോൾ കേരളത്തിനാണ്. അതിനാൽ തന്നെ അണക്കെട്ടു തുറക്കരുതെന്നു തമിഴ്നാടിനോട് ആവശ്യപ്പെടാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് എത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് സംഘത്തെ നയിക്കുന്നത്. അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു എന്നിവരെക്കൂടാതെ പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാരും നബാര്‍ഡ് പ്രതിനിധികളും പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും.

പ്രളയത്തില്‍ മുങ്ങിപ്പോയ ബാങ്കുകളും എടിഎമ്മുകളും, ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഓഫീസുകളും വീണ്ടും തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സംഘം വിലയിരുത്തും. അതോടൊപ്പം പ്രളയത്തില്‍ നശിച്ച നോട്ടുകള്‍ മാറ്റി നല്‍കുന്നത് സംബന്ധിച്ചും വായ്പകളുടെ തിരിച്ചടവ് കാലാവധി സംബന്ധിച്ചും സംഘം അവലോകനം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

error: Content is protected !!