പ്രളയം; കൂടുതൽ ഹെലികോപ്റ്ററുകളും ബോട്ടുകളും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

പ്രളയക്കെടുതി നേരിടുന്നതിനു കൂടുതൽ ഹെലികോപ്റ്ററുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവ ലഭ്യമാക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പം പ്രളയബാധിത മേഖലകൾ ഹെലികോപ്റ്ററിൽ കണ്ടശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന ധാന്യങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളും വെള്ളപ്പൊക്കത്തിൽ നശിച്ച കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലും അദ്ദേഹം പ്രത്യേക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ആവശ്യമുള്ള കാര്യങ്ങൾ സംബന്ധിച്ചു പ്രധാനമന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്. നിലവിൽ നൽകിയ റിപ്പോർട്ടിനു പുറമേ വിശദമായ റിപ്പോർട്ട് ഉടൻ നൽകും.

അതീവ ഗുരുതരമായ സാഹചര്യമാണു നാട് നേരിടുന്നത്. ഫലപ്രദമായ ഇടപെടലിലൂടെ മരണസംഖ്യ കുറയ്ക്കാൻ സർക്കാരിനായി. കുറ്റപ്പെടുത്തലല്ല, കൂടുതൽ സഹായവും സഹകരണവുമാണ് ഈ ഘട്ടത്തിൽ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

error: Content is protected !!