ഗതാഗത സംവിധാനം സാധാരണ നിലയിലേക്ക്

സംസ്ഥാനത്തെ ഗതാഗത സംവിധാനം ഇന്ന് മുതൽ സാധാരണ നിലയായിത്തുടങ്ങും. കോട്ടയം റൂട്ടിൽ ഇന്ന് മുതൽ ട്രെയിനുകൾ ഭാഗികമായി സർവ്വീസ് നടത്തും. കൊച്ചി നാവികസേന വിമാനത്താവളത്തിൽ നാളെ മുതൽ വിമാന സ‍ർവ്വീസ് തുടങ്ങും.

പ്രളയത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളം മുങ്ങിയതോടെ  കൊച്ചിയിലേക്കുള്ള വിമാനസർവ്വീസ് സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നാവിക സേനാ വിമാനത്താവളം വഴി സർവ്വീസ് തുടങ്ങുന്നത് . 70 സീറ്റുകളുള്ള വിമാനങ്ങൾ രാവിലെ 6.00നും 10.00നും ബംഗളുരുവിൽ നിന്നും -കൊച്ചിയിലേക്ക് സർവ്വീസ് നടത്തും. 8.10നും 12.10നും തിരിച്ചും സർവ്വീസുണ്ടാകും. ഉച്ചക്ക് ശേഷം 02.10ന് ബംഗ്ളൂരുവിൽ നിന്നും കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് വിമാനമുണ്ടാകും. കൊച്ചിയിൽ നിന്നും വൈകീട്ട് 05.10ന് ബംഗ്ളൂരൂവിലേക്കും സർവ്വീസുണ്ടായിരിക്കും.

മൂന്ന് ദിവസമായി ട്രെയിന്‍ തടസ്സപ്പെട്ട കോട്ടയം റൂട്ടിൽ ഇന്നലെ ട്രയൽ റൺ നടത്തിയിരുന്നു. എറണാകുളം കായംകുളം റൂട്ടിൽ ഇന്ന് മുതൽ  സ്പെഷ്യൽ ട്രെയിനുകളാണ് ഓടിക്കുന്നത്. കെഎസ്ആർടിസി തിരുവനന്തപുരത്തു നിന്നും എം,സി റോഡ് വഴി  അടൂർ വരെ സർവ്വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

error: Content is protected !!