20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ നിരോധനം; കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കൊരുങ്ങുന്നു

20 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങള്‍ നിരത്തില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള നയം വീണ്ടും ആലോചനയ്ക്ക് വയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരുമായി ഒരുവട്ടം കൂടി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് ഈ നീക്കമെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

2020 ഏപ്രില്‍ ഒന്നുമുതല്‍ കാലപ്പഴക്കം ചെന്ന വാണിജ്യ വാഹനങ്ങളുടെ ഉപയോഗം തടയുന്നതിനാണ് കരട്‌നയം വ്യവസ്ഥ ചെയ്യുന്നത്. മലിനീകരണം തടയാനും പുതിയ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിപ്പിക്കാനുമാണ് പുതിയ നിര്‍ദേശം വഴി സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. പുതിയ നയം നടപ്പിലാകുന്നതോടെ ചുരുങ്ങിയത് ഏഴു ലക്ഷം വാണിജ്യ വാഹനങ്ങളെങ്കിലും നിരത്തിനു പുറത്താകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 2000നു മുമ്പ് രജിസ്റ്റര്‍ ചെയ്ത ഏതാണ്ട് 15 ലക്ഷത്തോളം വാഹനങ്ങളുണ്ടെന്നാണ് കണക്ക്.

നേരത്തെ 15 വര്‍ഷ കാലാവധിയാണ് വാണിജ്യ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പല ഉടമകള്‍ക്കും വാഹനങ്ങള്‍ മാറ്റാന്‍ സമയം ലഭിക്കില്ലെന്ന പരാതിയെ തുടര്‍ന്നിത് 20 വര്‍ഷമാക്കി ഉയര്‍ത്തുകയായിരുന്നു. മോട്ടോര്‍ വാഹന നിയമം 59-ാം വകുപ്പു പ്രകാരം വാഹനങ്ങളുടെ കാലാവധി നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങല്‍ വാങ്ങുന്നവര്‍ക്ക് നികുതി ഇളവു നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

error: Content is protected !!