വ്യാജ സന്ദേശങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി വാട്സ് ആപ്പ്

ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും കലാപങ്ങളും കൂടുന്ന സാഹചര്യത്തിന് ഒരു പ്രധാന കാരണം സാമൂഹ്യ മാധ്യമങ്ങളാണ്. വ്യാജ വര്‍ത്തകളും സന്ദേശങ്ങളും വലിയ പ്രശനങ്ങളാണ് ഉണ്ടാക്കുന്നതും. നിപ്പ വൈറസ് പടര്‍ന്നപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളിയും വാട്സ് ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളായിരുന്നു. ഇതിനെ തുടര്‍ന്നു വാട്സ് ആപ്പ് പുതിയ നിയന്ത്രണം കൊണ്ട് വരുന്നു.

സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച് മേസേജ് ഫോര്‍വേഡിങ് സംവിധാനത്തിലാണ് വാട്‌സ് ആപ്പ് നിയന്ത്രണം കൊണ്ടുവരുന്നത്. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കാത്ത രീതിയിലുള്ള സംവിധാനമാണ് വാട്‌സആപ്പ് നടപ്പിലാക്കുന്നത്.

സന്ദേശങ്ങള്‍ക്ക് പുറമെ, വീഡിയോകളും ഇമേജുകളും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് ഫോര്‍വേഡ് ചെയ്യാന്‍ പുതിയ രീതിയില്‍ സാധിക്കില്ല. ലോകത്ത് മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് മെസേജ് ഫോര്‍വേഡ് ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. അഞ്ചില്‍ കൂടുതല്‍ ചാറ്റുകള്‍ ഫോര്‍വേഡിങ്ങിനായി സെലക്ട് ചെയ്താല്‍ ഈ ഫോര്‍വേഡ് ബട്ടണ്‍ നീക്കം ചെയ്യുന്ന രീതിയുള്ള സംവിധാനാണ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്‌സ്ആപ്പിലൂടെയുള്ള വ്യാജ സന്ദേശങ്ങള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് വരെ കാരണമായ സാഹചര്യത്തില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കുന്ന ഫലപ്രദമായ മാര്‍ഗങ്ങള്‍ ഇത് തടയുന്നതിന് വാട്‌സ്ആപ്പ് സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു.

നേരത്തെ, വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരേയും പ്രചരിപ്പിക്കുന്നതിലെ അപകടവും പ്രമുഖ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യങ്ങളിലൂടെ വാട്‌സ്ആപ്പ് ഉപഭോക്താക്കളെ അറിയിച്ചിരുന്നു.

error: Content is protected !!