ഗുഹയില്‍ കുടുങ്ങി കിടന്ന കുട്ടികളില്‍ രണ്ടു പേരെ പുറത്തെത്തിച്ചു ;മഴ രക്ഷാപ്രവര്‍ത്തനത്തെ തടസ പെടുത്തുമെന്ന് ആശങ്ക

തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളിൽ രണ്ടുപേരെ പുറത്തെത്തിച്ചതായി വിവരം.രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. രക്ഷപ്പെടുത്തിയ കുട്ടികളെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇനി പരിശീലകനെയും 10 കുട്ടികളെയുമാണ് പുറത്തെത്തിക്കാനുള്ളത്. അതേസമയം, ഏതു സമയത്തും മഴ പെയ്യാമെന്നത് രക്ഷാപ്രവർത്തനത്തിനു കനത്ത സമ്മർദമുണ്ടാക്കുന്നുണ്ട്. അഞ്ചു തായ് മുങ്ങൽ വിദഗ്ധരും 13 വിദേശ നീന്തൽ വിദഗ്ധരും അടക്കം 18 പേരാണ് രക്ഷാപ്രവർത്തക സംഘത്തിലുള്ളത്. ഒപ്പം യുഎസിൽ നിന്നുള്ള അഞ്ച് നേവി സീൽ കമാൻഡോകളും ഉണ്ട്.

മഴ കുറഞ്ഞതോടെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. ഇതോടെ ഗുഹയിൽ നിന്നുപുറത്തേക്കുള്ള വഴിയിൽ പലയിടത്തും കുട്ടികൾക്കു നടന്നെത്താനുമാവും. കുട്ടികളെ പുറത്തെത്തിക്കാനുചിതമായ സമയം ഇതാണെന്നു രക്ഷാപ്രവർത്തകസംഘം അറിയിച്ചു. ഇതിന്റെ ഭാഗമായി, ഗുഹാപരിസരത്തു തടിച്ചുകൂടിയ മാധ്യമപ്രവർത്തകരെ ഒഴിപ്പിക്കുകയും െചയ്തു. ഇനിയുള്ള നാലു ദിവസം നിര്‍ണായകമാണ്. വീണ്ടും മഴ പെയ്യും മുൻപു കുട്ടികളെ പുറത്തെത്തിക്കാനുള്ള ഊർജിതശ്രമങ്ങളാണു നടക്കുന്നത്.

കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാന്‍ ബഡ്ഡി ഡൈവിങ് എന്ന മാര്‍ഗമാണ് സ്വീകരിക്കുന്നത്. ഒരു മുങ്ങല്‍ വിദഗ്ധന്‍ മറ്റൊരാളെയും വഹിച്ചുകൊണ്ട് നീന്തുന്ന രീതിയാണിത്. നിലവില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഓരോ കുട്ടിക്കുമൊപ്പം രണ്ട് ഡൈവര്‍മാര്‍ വീതമുണ്ടാകും. ഗുഹക്കുപുറത്തുനിന്ന് കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താന്‍ ആറ് മണിക്കൂര്‍ വേണം. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ എടുക്കുക ചുരുങ്ങിയത് 11 മണിക്കൂര്‍ വേണം.

error: Content is protected !!