നാനോ കാര്‍ നിര്‍ത്തലാക്കുന്നു? കയറ്റുമതി നിലച്ചു

ലോകത്തെ ഏറ്റവും വില കുറഞ്ഞ കാർ എന്ന ടാഗോടെ എത്തിയ ടാറ്റായുടെ നാനോ വിസ്‌മൃതിയിലേക്കോ ? ഇതിന്റെ നിർമാണം പൂർണ്ണമായും നിർത്തുന്നു എന്ന സൂചനയിലേക്കാണ് ഇപ്പോൾ  കാര്യങ്ങൾ പോകുന്നത്. ജൂൺ മാസത്തിൽ ഒറ്റ കാർ മാത്രമാണ് നിർമിച്ചത്. 2017 ജൂണിൽ ഉത്പാദനം 275 കാറുകളായിരുന്നു. പക്ഷെ, ഉത്പാദനം നിർത്തുന്ന കാര്യത്തിൽ കമ്പനി അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ ‘ബ്രെയിൻ ചൈൽഡ്’  എന്നു വിശേഷിപ്പിക്കപ്പെടുന്ന നാനോയുടെ മൂന്ന് യൂണിറ്റുകൾ മാത്രമാണ് ജൂൺ മാസത്തിൽ വിറ്റത്. ഒരു വർഷം മുൻപ് ഇതേ മാസത്തിൽ വില്പനയായത് 167 യൂണിറ്റുകളായിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ 25 നാനോ കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഈ ജൂണിൽ എക്സ്പോർട്ട് വട്ടപൂജ്യമാണ്.

ഉത്പാദനം നിർത്തുകയാണോ എന്ന് ഒരു സാമ്പത്തിക ദിനപത്രം ആരാഞ്ഞപ്പോൾ ടാറ്റയുടെ വക്താവിന്റെ മറുപടി ഇങ്ങനെ – ഇന്നത്തെ നിലയിൽ നാനോയ്ക്ക് 2019നപ്പുറം പോകാൻ കഴിയില്ലെന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാം. നിലനിൽക്കണമെങ്കിൽ പുതിയ ഇൻവെസ്റ്റ്മെന്റ് ആവശ്യമാണ്. എന്നാൽ ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാൽ കസ്റ്റമർ ഡിമാന്റുള്ള കീ മാർക്കറ്റുകൾക്ക് വേണ്ടി ഉത്പാദനം തുടരും.

2008ലെ ഡൽഹി ആട്ടോ എക്സ്പോയിലാണ് ടാറ്റ നാനോയുടെ ചരിത്രം തിരുത്തിയ രംഗപ്രവേശം. ‘ഒരു ലക്ഷം രൂപയ്ക്കു കാർ’ എന്ന  രത്തൻ ടാറ്റയുടെ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ലോകം വരവേറ്റത്. ലോകത്തെ ഏറ്റവും വില കുറഞ്ഞ കാർ എന്ന ഖ്യാതി നേടിയ നാനോ ആദ്യ ഘട്ടത്തിൽ വിപണിയിൽ താരമായി. എന്നാൽ മെല്ലെ അതിനോടുള്ള താല്പര്യം കുറഞ്ഞു വന്നു. സാങ്കേതിക തകരാറുകൾ കൂടുതൽ പ്രശ്നമായി. ഇന്ധന ടാങ്ക് മുന്പിലാണെന്നത് അപകട സാധ്യത കൂട്ടുന്ന ഘടകമായി. കാറിന് തീ പിടിച്ച സംഭവങ്ങൾ ഒന്നിന് പുറകെ ഒന്നായി ഉണ്ടായി. വില രണ്ടു ലക്ഷത്തിന് അടുത്താവുകയും ചെയ്തതും വിപണിയിൽ തിരിച്ചടിയായി.  ഇതെല്ലാം കസ്റ്റമേഴ്സിനെ നാനോയിൽ നിന്ന് അകറ്റി.

ബംഗാളിലെ സിംഗൂരിലാണ് ഫാക്ടറി ആദ്യം സ്ഥാപിച്ചത്. എന്നാൽ വൻ കർഷക പ്രക്ഷോഭത്തെ തുടർന്ന് ഫാക്ടറി അവിടെ നിന്നും ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റേണ്ടി വന്നു. ബംഗാളിൽ ഇടതു ഭരണം അവസാനിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് സിംഗൂർ പ്രക്ഷോഭമായിരുന്നു.
ഒടുവിൽ ഇക്കാര്യത്തിൽ കമ്പനിക്ക് തെറ്റ് പറ്റിയെന്ന് രത്തൻ ടാറ്റയ്ക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. മാത്രവുമല്ല, ടാറ്റ ഗ്രൂപ്പിന് ഇത് ഒരു തലവേദനയുമായി. മോഡൽ വൻ നഷ്ടത്തിലായത് ടാറ്റ സൺസിന്റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രി ഗ്രൂപ്പുമായി ഭിന്നതയിലാകുന്നതിന് ഒരു കാരണമായി. രത്തൻ ടാറ്റ നാനോയെ ശക്തമായി പിന്തുണച്ചപ്പോൾ ഉല്പാദനവുമായി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടുകാരനായിരുന്നു മിസ്ത്രി.

error: Content is protected !!