രാഹുല്‍ ഗാന്ധി മയക്കുമരുന്നിനടിമയെന്ന് ബിജെപി നേതാവ്

രാഹുല്‍ ഗാന്ധി മയക്കുമരുന്നിനടിമയാണെന്നും പഞ്ചാബ് സര്‍ക്കാരിന്റെ ലഹരി പരിശോധനയില്‍ പങ്കെടുത്താല്‍ തീര്‍ച്ചയായും പരാജയപ്പെടുമെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മാധ്യമങ്ങളോടു സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി കൊക്കെയ്ന്‍ ഉപയോഗിക്കുന്നയാളാണെന്ന സ്വാമിയുടെ പരാമര്‍ശമുണ്ടായത്.

70 ശതമാനം പഞ്ചാബികളും ലഹരിയുടെ അടിമകളാണെന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബദലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്വാമി. പഞ്ചാബികള്‍ ലഹരി മരുന്നിന് അടിമയാണെന്ന് പ്രസ്താവന നടത്തിയത് രാഹുല്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ഉത്തേജക പരിശോധനയ്ക്ക് വിധേയമാകണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

പഞ്ചാബിലെ ക്ലര്‍ക്ക് മുതല്‍ പോലീസുകാര്‍ വരെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉത്തരവിട്ടു. ഇതില്‍ പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. കൂടാതെ മയക്കുമരുന്ന് കടത്തുകാര്‍ക്കും വില്‍പ്പനക്കാര്‍ക്കും വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നും സര്‍ക്കാര്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ലഹരി കടത്തുക്കാര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെ ഉള്ള നിര്‍ദ്ദേശങ്ങളാണ് നേരത്തെ മുഖ്യമന്ത്രി മുന്നോട്ട് വച്ചത്. ജൂലൈ 2ന് ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെയ്ക്കാനും പഞ്ചാബ് മന്ത്രിസഭ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ മാസം നിരവധിപേര്‍ ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ചതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് നേരിടേണ്ടി വന്നത്.

error: Content is protected !!