ചില കണക്കു തീര്‍ക്കലുണ്ട് അതിനുശേഷമാകാം ഒന്നിച്ചുള്ള യാത്ര; അഭിമന്യുവിനോട് ടി പത്മനാഭന്‍

അഭിമന്യുവിനെക്കുറിച്ച് ടി പത്മനാഭന്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ്

എന്റെ പ്രിയപ്പെട്ട കുട്ടീ, നിന്നെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.
എന്നിട്ടും,
നീ നിന്റെ നിഷ്കളങ്കമായ സ്നേഹത്താൽ എന്നെ പിടിച്ചുകെട്ടിക്കളഞ്ഞല്ലോ!
നിന്റെ പുഞ്ചിരി!
ദൈവമേ, ഒരു കുട്ടിയുടെ ‐ ചെറുപ്പക്കാരന്റെ‐ പുഞ്ചിരി ഇത്രമാത്രം മനോഹരമാകുമെന്ന് എനിക്ക് ഇപ്പോഴല്ലേ
മനസ്സിലായത്!
നിന്നെക്കുറിച്ച് എല്ലാം ഞാനറിയുന്നു:
നീ നിസ്വനായിരുന്നു. എന്നിട്ടും നീ എല്ലാവരെയും
സഹായിച്ചു. സ്നേഹിച്ചു.

നിന്റെ പക്കൽ ഒന്നുമുണ്ടായിരുന്നില്ല‐ ശുദ്ധമായ സ്നേഹമൊഴിച്ച്. എന്നിട്ടും നീ ആ സ്നേഹം എല്ലാവർക്കും വാരിക്കൊടുത്തു. നീയുമായി പെരുമാറിയവരെമാത്രമല്ല, നിന്നെക്കുറിച്ച് കേട്ടറിവുള്ളവരെക്കൂടി നീ നിന്റെ സ്നേഹത്തിന്റെ നനുത്ത നൂലുകളാൽ വരിഞ്ഞുകെട്ടി‐ നിന്റെകൂടെ പ്രവർത്തിച്ചവരെ, പഠിച്ചവരെ, പഠിപ്പിച്ചവരെ, എല്ലാവരെയും!

പ്രിയപ്പെട്ടവനേ!
ഞങ്ങളെല്ലാവരും ഉറങ്ങിക്കിടന്നപ്പോൾ നീ ഉറങ്ങാതെ ജോലി ചെയ്യുകയായിരുന്നു. നീ ഹോട്ടലിലെ എച്ചിൽപ്പാത്രങ്ങൾ കഴുകി, രാത്രി ഏറെനേരം പട്ടണത്തിലെ ചുമരുകളിൽ സിനിമാ പോസ്റ്ററുകൾ ഒട്ടിച്ചുനടന്നു. ഇതിൽനിന്നൊക്കെ കിട്ടുന്ന കാശുകൊണ്ടുവേണമായിരുന്നു നിനക്ക് ജീവിക്കാനും പഠിക്കാനും!

ഞങ്ങൾക്ക് കുറ്റബോധമുണ്ട്…
“നാൻ പെറ്റ മകനേ!”
ഈ നിലവിളി ദിഗന്തങ്ങളിൽ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
പ്രിയപ്പെട്ടവനേ,
നീ മരിച്ചിട്ടില്ല‐ നീ അമരനാണ്.
നീ യാത്ര ആരംഭിച്ചിട്ടേയുള്ളൂ.
നിന്റെകൂടെ  ഞങ്ങളെല്ലാവരുമുണ്ട്.
പക്ഷേ,

ഇത്തിരി നേരം നീ ഞങ്ങൾക്കുവേണ്ടി കാത്തുനിൽക്കണം…
ഒഴിച്ചുകൂടാത്ത ചില ജോലികൾ ഇവിടെ ഞങ്ങൾക്കുണ്ട്.
ചില കണക്കുതീർക്കലുകൾ.
അതിനുശേഷമാകാം ഒന്നിച്ചുള്ള യാത്ര!

കടപ്പാട് ദേശാഭിമാനി

 

error: Content is protected !!