പിഡിപിയില്‍ ഭിന്നത; മുഫ്തിയുടെ കഴിവില്ലായ്മ കാരണമാണ് സര്‍ക്കാര്‍ താഴെ വീണതെന്ന് വിമതര്‍

കശ്മീരില്‍ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ച മെഹബൂബ മുഫ്​തിയു​ടെ പീപ്പിള്‍സ്​ ഡെമോക്രാറ്റിക്​ പാര്‍ട്ടി പിളര്‍പ്പി​ലേക്കെന്ന് സൂചന. പാര്‍ട്ടിയു​ടെ മൂന്ന്​ സാമാജികര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്​തിക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു. മുഫ്തിയുടെ കഴിവില്ലായ്മ കാരണമാണ് പി.ഡി.പി- ബി.ജെ.പി സഖ്യം തകര്‍ന്നതെന്ന വാദമാണ് വിമതര്‍ ഉയര്‍ത്തിയിരിക്കുന്നത്. മുഫ്​തിയുടെ കഴിവില്ലായ്​മയാണ്​ സഖ്യം തകരാന്‍ ഇടയാക്കിയതെന്ന്​ മുന്‍ മന്ത്രി ഇമ്രാന്‍ അന്‍സാരിയുടെ പ്രസ്​തവനക്ക് പുറകെ സാമാജികരായിരുന്ന മുഹമ്മദ്​ അബ്ബാസ്​ വാനിയും ആബിദ്​ അന്‍സാരിയും ഇമ്രാനെ പിന്തുണച്ച്‌​ രംഗ​ത്തെത്തുകയും ചെയ്​തിരുന്നു.

വിമതര്‍ക്ക്​ കൂടുതല്‍ പേരെ ലഭിക്കുകയാണെങ്കില്‍, ഇവരുടെ നേതൃത്വത്തില്‍ പി.ഡി.പിക്കും നാഷണല്‍ കോണ്‍ഫറന്‍സിനും ബദലായി ഒരു മുന്നണി രൂപീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ്​ സൂചന. കേവലഭൂരിപക്ഷത്തിനുള്ള സംഖ്യ ഒത്തു വരികയാണെങ്കില്‍ ബി.ജെ.പിയുമായി ചേര്‍ന്ന്​ സര്‍ക്കാര്‍ രൂപീകരണത്തിനും തയ്യാറാണെന്നാണ്​ വിവരം.

സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞ് കശ്മീരിന്റെ ചുമതലയുള്ള ബിജെപി നേതാവ് റാം മാധവ് പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സജ്ജത് ഘാനിയുമായും സ്വതന്ത്ര സമാജികനായ എന്‍ജിനീയര്‍ റാഷിദുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗവര്‍ണര്‍ എന്‍ എന്‍ വോറയെ മാറ്റി ആര്‍എസ്‌എസിന്റെ ഒരു പ്രമുഖനെ കശ്മീര്‍ ഗവര്‍ണറായി നിയമിക്കുമെന്ന പ്രചാരണവും ശക്തമായിരുന്നു. ജൂണ്‍ 19-ന് ബിജെപി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മൂന്നര വര്‍ഷം നീണ്ട പിഡിപി-ബിജെപി മന്ത്രിസഭ താഴെ വീണിരുന്നു . കശ്മീര്‍ നിലവില്‍ ഗവര്‍ണര്‍ ഭരണത്തിന്‍ കീഴിലാണ്.

87 സീ​റ്റുള്ള കശ്മീരില്‍ മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കാ​ന്‍ 44 പേ​രു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ട​ത്. കോ​ണ്‍​ഗ്ര​സി​ന് 12 സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. പി​ഡി​പി​ക്ക് 28 സീ​റ്റു​ക​ളും. സി​പി​ഐ​യെ​യും മ​റ്റ് നാ​ല് പേ​രേയും ചേ​ര്‍​ത്ത് സ​ഖ്യം രൂ​പീ​ക​രി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് നീ​ക്കം. ബി​ജെ​പി​ക്ക് 25 സീ​റ്റു​ക​ളു​ണ്ട്.

അതിനിടെ, കശ്മീരില്‍ സഖ്യത്തിനില്ലെന്നും, തിരഞ്ഞെടുപ്പ് മാത്രമാണ് പരിഹാരമെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് ഇന്നലെ (02/07/2018) രംഗത്ത് വന്നിരുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. മുന്‍ ധനമന്ത്രി പി ചിദംബരം, മുതിര്‍ന്ന നേതാക്കളായ കരണ്‍ സിങ്, ഗുലാം നബി ആസാദ്, ജമ്മു-കശ്മീരിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബികാ സോണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

error: Content is protected !!