കേരളത്തിലെ കമ്മ്യൂണിസ്റ്റുകളെ വേരോടെ പിഴുതെറിയണമെന്ന് അമിത് ഷാ
സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് ദേശിയഅധ്യക്ഷന അമിത് ഷായുടെ രൂക്ഷ വിമര്‍ശനം. കേരളത്തില്‍നിന്നുള്ള നേതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാനങ്ങള്‍ നല്‍കിയിട്ടും അതു മുതലാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. കുമ്മനത്തിന്റെയും കണ്ണന്താനത്തിന്റെയും വി. മുരളീധരന്റെയും നിയമനങ്ങള്‍ വേണ്ടവിധത്തില്‍ ജനങ്ങളിലെത്തിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്നും അദേഹം ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. കമ്യൂണിസ്റ്റുകളെ കേരള മണ്ണില്‍നിന്നു വേരോടെ പിഴുതെറിയണം. ബിജെപി പ്രവര്‍ത്തകര്‍ വീഴ്ത്തിയ ചോരയ്ക്ക് എങ്കിലേ സമാധാനമാകൂ. ത്രിപുരയിലും ബംഗാളിലും ഇതു സാധ്യമായി. കേരളത്തില്‍ അസാധ്യമല്ലന്നും അമിത് ഷാ പറഞ്ഞു.
ആശയത്തിന്റെയോ ആദര്‍ശത്തിന്റെയോ പേരിലുള്ള കൊലപാതകമല്ല കേരളത്തില്‍ നടക്കുന്നത്. സര്‍ക്കാര്‍ പിന്തുണയുള്ള ക്രൂരതയാണ്. ഇതിനു മുഖ്യമന്ത്രി മറുപടി പറയണം. ഇവിടുത്തെ കൊലപാതക രാഷ്ട്രീയത്തോടെ ബിജെപി പ്രതികരിച്ചത് ജനാധിപത്യ മാര്‍ഗത്തിലാണ്. കേരളത്തില്‍ ജാഥ നടത്തിയതും ഡല്‍ഹിയില്‍ പ്രകടനം നടത്തിയതുമൊക്കെ ജനാധിപത്യ രീതിയില്‍ തന്നെയാണെന്ന് അദേഹം പറഞ്ഞു.
ആര്‍എസ്എസ് സംസ്ഥാന നേതൃത്വവുമായി ഇന്ന് അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കുമ്മനത്തെ സംസ്ഥാന അധ്യക്ഷ പദവിയില്‍നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതൃത്വത്തിനുള്ള അതൃപ്തി പരിഹരിക്കുകയെന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യം. ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയായേക്കും.