ഊണ് കഴിക്കാൻ വിളിക്കാത്തതിന്കണ്ടക്ടറുടെ തലക്കടിച്ച ഡ്രൈവർക്ക് തടവും പിഴയും

ഊണ് കഴിക്കാൻ വിളിക്കാത്തതിന് കണ്ടക്ടറുടെ തലയ്ക്ക് സ്പാനർ ഉപയോഗിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ സ്വകാര്യ ബസ്സ് ഡ്രൈവര്‍ക്കെതിരെ കോടതി  നടപടി. കോടതി പിരിയും വരെ തടവിനും പതിനായിരം രൂപ പിഴയടക്കാനുമാണ് ശിക്ഷ.

ചെറുതാഴം രാമപുരം സ്വദേശി മുങ്ങത്ത് ഹൗസിൽ എം.സദാനന്ദനെ(55)യാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.സദാനന്ദന്റെ കൂടെ ബസ്സിൽ ജോലി ചെയ്തിരുന്ന കണ്ടക്ടർ കരിവെള്ളൂർ മണക്കാട്ടെ ടി.എം.ചന്ദ്രകാന്ത് വർമ്മ നൽകിയ പരാതിയിൽ പയ്യന്നൂർ പൊലീസ് ചാർജ് ചെയ്ത കേസാണിത്.

2012 ജനുവരി 31-ന് പയ്യന്നൂർ എടാട്ട് വെച്ചാണ് കേസിനാസ്പദമായ സംഭവം.ഇരുവരും പഴയങ്ങാടി-മടക്കര റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരായിരുന്നു.സംഭവ ദിവസം ബസ്സ് തകരാറായതിനെ തുടർന്ന് ഓടാതെ പയ്യന്നൂർ എടാട്ട് വെച്ച് മെക്കാനിക്കിനെ കൊണ്ടുവന്ന് പണിയെടുപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ഡ്രൈവർ സദാനന്ദൻ സ്ഥലത്ത് നിന്ന് പോവുകയും ഉച്ചകഴിഞ്ഞ് തിരിച്ചെത്തുകയുമായിരുന്നു. ഇതിനിടയിൽ കണ്ടക്ടറും മറ്റും ഭക്ഷണം കഴിക്കുകയും ചെയ്തു. ഊണ് കഴിക്കാൻ തന്നെ എന്തുകൊണ്ട് വിളിച്ചില്ലെന്ന് പറഞ്ഞ് ഡ്രൈവർ സദാനന്ദൻ കണ്ടക്ടറോട് കയർക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റമാവുകയും ചെയ്തു. ഇതിനിടയിലാണ് അവിടെയുണ്ടായിരുന്ന സ്പാനർ എടുത്ത് കണ്ടക്ടറുടെ തലക്കടിച്ചത്.

കേസിൽ കോടതിയിൽ ഹാജരാകാതെ പ്രതി മുങ്ങി നടക്കുകയായിരുന്നു.ഇതേ തുടർന്ന് കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതിനെ തുടർന്ന് പൊലീസ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ശിക്ഷ വിധിച്ചത്.

error: Content is protected !!