അഫ്സല്‍ ഗുരു അനുസ്മരണം; കനയ്യ കുമാറിനും ഉമര്‍ ഖാലിദിനുമെതിരായ നടപടി ശരി വെച്ച് ജെഎന്‍യു ഉന്നതാധികാര സമിതി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല ക്യാമ്പസില്‍ 2016-ല്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഉമര്‍ ഖാലിദിനും കനയ്യ കുമാറിനുമെതിരായ നടപടി ശരിവെച്ച് ജെഎന്‍യു ഉന്നതാധികാര സമിതി.

2016 ഫെബ്രുവരിയില്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നതാണ് ഇരുവര്‍ക്കുമെതിരായ പരാതി. പാര്‍ലമെന്റ് ആക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്ന നടപടിയില്‍ പ്രതിഷേധിച്ച് അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു.

ഇതിന്റെ പേരില്‍ ഉമര്‍ ഖാലിദിനേയും മറ്റ് രണ്ട് വിദ്യാര്‍ത്ഥികളേയും പുറത്താക്കാനും, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാറിന് 10,000 രൂപ   പിഴ ഈടാക്കാനും ജെഎന്‍യു പാനല്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പാനലിന്റെ തീരുമാനം പുനപരിശോധിക്കാന്‍ ഒരു ഉന്നതാധികാര സമിതിയെ നിശ്ചയിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയാണ് സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടത്.  കോടതി ആവശ്യപ്പെട്ടതനുസരിച്ച് രൂപീകരിച്ച  സര്‍വ്വകലാശാല ഉന്നതാധികാര സമിതിയാണ് നടപടി ശരി വെച്ചിരിക്കുന്നത്.

ക്യാമ്പസിലെ അനുസ്മരണ യോഗത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യ കുമാറിനേയും ഉമര്‍ ഖാലിദിനേയും അനിര്‍ബന്‍ ഭട്ടാചാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീടുണ്ടായ വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിടുകയായിരുന്നു

error: Content is protected !!