ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടര്‍ വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. വൈദ്യുതമന്ത്രി എംഎം മണി, ജോയ്സ് ജോര്‍ജ് എം.പി. , എംഎൽഎമാര്‍, മറ്റ് ജനപ്രതിനിധികൾ, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2392 അടിയാണ്. മഴയും നീരൊഴുക്കും തുടര്‍ന്നാൽ ഒരാഴ്ചക്കുള്ളിൽ ഡാം തുറക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം.

ഇടുക്കി അണക്കെട്ട് തുറന്നാൽ പെരിയാറിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുമെന്ന ആശങ്ക അസ്ഥാനത്തെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് ഡാമിലെ ജലനിരപ്പിനെ കുറിച്ച് അറിയാൻ വെബ്സൈറ്റ് തയ്യാറാക്കുന്നുണ്ട്. ഇടുക്കിയിൽ നിന്നുള്ള വെള്ളം ആലപ്പുഴ, കോട്ടയം ജില്ലകളെ ബാധിക്കില്ലെന്നും കെഎസ്ഇബി അറിയിച്ചു.

ഇടുക്കി അണക്കെട്ട് തുറന്നാൽ ആദ്യം വെള്ളമെത്തുക പെരിയാറിലേക്കാണ്. പിന്നീട് അത് നേര്യമംഗലം, ആലുവ വഴി അറബികടലിൽ പതിക്കും. ആദ്യഘട്ടത്തിൽ അപകടകരമായ നിലയിൽ ജലനിരപ്പ് ഉയരില്ല. ഇടുക്കി ഡാമിലെ വെള്ളം ആലപ്പുഴയിലേക്കും കോട്ടയത്തേക്കും വരില്ല.

ഇടുക്കി, കുളമാവ്, ചെറുതോണി എന്നീ മൂന്ന് അണക്കെട്ടുകൾ ചേർന്നതാണ് ഇടുക്കി ഡാം. ഇതിൽ ചെറുതോണി അണക്കെട്ടിന് മാത്രമാണ് ഷട്ടറുള്ളത്. ഡാം നിറഞ്ഞാൽ ചെറുതോണിയുടെ ഷട്ടർ തുറക്കും. വെള്ളം നേരെ കീരിത്തോട് വഴി നേര്യമംഗലത്തെ ലോവർ പെരിയാർ അണക്കെട്ടിലെത്തും. ലോവർ പെരിയാറിലെ രണ്ട് ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്. ഇടുക്കി വെള്ളമെത്തിയാൽ ഏഴ് ഷട്ടറുകളും ഉയർത്തി നേരെ ഭൂതത്താൻകെട്ട് ഡാമിലേക്ക് വെള്ളം ഒഴുക്കും. ഭൂതത്താൻകെട്ടിന്‍റെ ഷട്ടറുകൾ രണ്ടാഴ്ചയായി തുറന്നിരിക്കുന്നതിനാൽ പെരിയാറിലൂടെ വെള്ളം നേരെ ആലുവയിലേക്ക് പോകും. പെരിയാർ ആലുവയിൽ രണ്ടായി പിരിയും. ഒന്ന് കോട്ടപ്പുറം വഴി മുനംപത്തും മറ്റൊന്ന് വരാപ്പുഴ വഴി ഫോർട്ട് കൊച്ചിയിലും അറബിക്കടലിൽ പതിക്കും.

ചെറുതോണിയുടെ ഷട്ടർ 40 സെന്‍റി മീറ്റർ ഉയർത്തിയാൽ സെക്കന്‍റിൽ 40,000 ലിറ്റർ വെള്ളമാണ് അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുകുക. പരമാവധി കുറച്ച് വെള്ളം മാത്രം ഒഴുക്കാൻ ശ്രമിക്കുന്നതിനാൽ ആദ്യഘട്ടത്തിൽ ഡാം തുറക്കുന്നത് ജനങ്ങളെ കാര്യമായി ബാധിക്കില്ല. വെള്ളം ഒഴുകിപ്പോകുന്ന മേഖലകളിലെ തടസ്സങ്ങളെന്തെന്ന് കണ്ടെത്താനുള്ള സർവേ അധികൃതർ തുടങ്ങിയിട്ടുണ്ട്. ഇത് പൂർത്തിയാകുന്ന പക്ഷം വേണ്ടി വന്നാൽ ആളുകളെ ഒഴിപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ഇടുക്കി, എറണാകുളം കളക്ടർമാർക്ക് സ‍ർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്

error: Content is protected !!