ഇന്ത്യയില്‍ ആദ്യമായി ക്രോസ്ഓവര്‍ ഇലക്ട്രിക് സൈക്കിളുമായി ട്രോനക്സ് മോട്ടോര്‍സ്

ഇന്ത്യയിലെ ആദ്യത്തെ ക്രോസ്ഓവര്‍ ഇലക്ട്രിക് സൈക്കിളിനെ വിപണിയില്‍ അവതരിപ്പിച്ച് ട്രോനക്സ് മോട്ടോര്‍സ്. ട്രോനക്‌സ് വണ്‍ എന്ന് പേരിട്ടിരിക്കുന്ന സൈക്കിളിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചു. 49,999 രൂപയാണ് ട്രോനക്സ് വണ്‍ സൈക്കിളിന്റെ പ്രാരംഭവില. പരിമിത കാലത്തേക്ക് മാത്രമെ ഈ വിലയില്‍ സൈക്കിള്‍ ലഭ്യമാവുകയുള്ളു. ശേഷം മോഡലിന്റെ വില കമ്പനി ഉയര്‍ത്തും.

പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പന ചെയ്തു വികസിപ്പിച്ച മോഡലാണ് ട്രോനക്സ് വണ്‍. പിന്‍ ചക്രത്തില്‍ സ്ഥാപിച്ച 250 W വൈദ്യുത മോട്ടോറാണ് സൈക്കിളിന് കരുത്തുപകരുന്നത്. ഊരി മാറ്റാവുന്ന 36 V 13.6 Ah 500 W ലിഥിയം അയോണ്‍ ബാറ്ററി സംവിധാനത്തില്‍ നിന്നാണ് വൈദ്യുത മോട്ടോറിന് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം ലഭിക്കുക.

പെഡല്‍ ചവിട്ടാതെ തന്നെ ഒറ്റ ചാര്‍ജ്ജില്‍ 50 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഈ സൈക്കിളിന് കഴിയും. ഇലക്ട്രോണിക് ഗിയര്‍ അസിസ്റ്റ് മോഡിലാണെങ്കില്‍ ട്രോനക്സ് വണ്‍ ഒറ്റ ചാര്‍ജ്ജില്‍ 70 മുതല്‍ 85 കിലോമീറ്റര്‍ വരെ ദൂരം താണ്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വൈദ്യുത കരുത്തില്‍ സഞ്ചരിക്കുമ്പോള്‍ മണിക്കൂറില്‍ 25 കിലോമീറ്ററാണ് സൈക്കിളിന്റെ പരമാവധി വേഗം.

അഹമ്മദബാദ്, മുംബൈ, പൂനെ, ഗോവ, ചണ്ഡീഗഢ്, ഡല്‍ഹി, ചെന്നൈ, ഹൈദരബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ മോഡല്‍ വില്‍പനയ്ക്കെത്തും.അടുത്തയാഴ്ച്ച മുതല്‍ ക്രോസ്ഓവര്‍ സൈക്കിളിന്റെ വിതരണം ട്രോനക്‌സ് മോട്ടോര്‍സ് ആരംഭിക്കും.

error: Content is protected !!