ദുരന്തനിവാരണത്തിനായി യുവകര്‍മസേന ഒരുങ്ങുന്നു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച യുവകര്‍മ സേനയ്ക്കുള്ള ആദ്യഘട്ട പരിശീലനം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ദുരന്തങ്ങളും അപകടങ്ങളും മുന്‍കൂട്ടിക്കണ്ട് ഒഴിവാക്കുന്നതിലും അവ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പ്രദേശവാസികള്‍ കൂടി പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. ഫയര്‍ ആന്റ് റെസ്‌ക്യൂ പ്രവര്‍ത്തകരും പോലിസും എത്തുന്നതിന് മുമ്പ് അവര്‍ക്ക് പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനാവും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശീലനം ഇതിന് അനിവാര്യമാണ്. അല്ലാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനേ ഉപകരിക്കു എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറ്റിയുടെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന യുവ കര്‍മസേന പദ്ധതി മാതൃകാപരമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ചടങ്ങില്‍ അധ്യക്ഷനായി. ജില്ലയിലെ മുഴുവന്‍ കോളേജുകളിലും ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും യുവ കര്‍മസേനയ്ക്ക് രൂപം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഓരോ പഞ്ചായത്തിലും 250 വീതം ആളുകളെ ഇതിന്റെ ഭാഗമായി പരിശീലിപ്പിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. ദുരന്തമുഖത്ത് രക്ഷാ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങാന്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും സമാക്കുന്നതിനുള്ള വിദഗ്ധ പരിശീലനം ഘട്ടംഘട്ടമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യുവജനക്ഷേമബോര്‍ഡ്, എന്‍.എസ്.എസ്, തദ്ദേശ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ജില്ലയിലാകെ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി ജയ ബാലന്‍, വി.കെ സുരേഷ്ബാബു, കെ ശോഭ, ഡി.എം.ഒ ഡോ. കെ നാരായണ നായിക്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മനോജ്, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡയരക്ടര്‍ പത്മനാഭാന്‍ കാവുമ്പായി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ നന്ദിയും പറഞ്ഞു. ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ പി.വി പ്രകാശ് കുമാര്‍, ഡോ. സന്തോഷ് ബി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

error: Content is protected !!