ആർഎസ്എസ് കേന്ദ്രത്തിൽ ബോംബുകൾ കണ്ടെത്തിയ സംഭവം; അന്വേഷണം വേണമെന്ന്‍ സിപിഎം

പയ്യന്നൂർ: എട്ടിക്കുളം കക്കംപാറ ചിറ്റടിയിൽ ആർ എസ് എസ് കേന്ദ്രത്തിൽ നിന്നും ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഐ എം.  സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി കെ പി മധു പ്രസ്താവനയിലൂടെയാണ് ആവശ്യപ്പെട്ടത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇടവിട്ടുള്ള ദിവസങ്ങളിൽ ഈ പ്രദേശത്തു നിന്നും രാത്രി കാലങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കാറുള്ളത് നാട്ടുകാരിൽ പരിഭ്രാന്തിയുണർത്തിയിരിക്കുകയാണ്.  2017 ജുലായ് 11 ന് കുന്നരുവിൽ ധനരാജ് രക്തസാക്ഷി ദിനാചരണ പരിപാടിയിൽ പങ്കെടുക്കാൻ ബൈക്കിൽ വരികയായിരുന്ന പ്രവർത്തകർക്കു നേരെ ഇവിടെ വെച്ച് ബോംബെറിഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പ് ആർ എസ് എസിന്റെ അധീനതയിലുള്ള മൊട്ടക്കുന്നിനോട് ചേർന്ന് നാവിക അക്കാദമി വളപ്പിൽ നിന്നും നിരവധി വാളുകളും ബോംബുനിർമ്മാണ സാമഗ്രികളും പിടികൂടിയത് അക്കാദമി അധികൃതരിലടക്കം ഞെട്ടൽ ഉളവാക്കിയ സംഭവമായിരുന്നു.

എട്ടിക്കുളത്ത് തിരിച്ചു വന്നു കൊണ്ടിരിക്കുന്ന സമാധാനാന്തരീക്ഷം വീണ്ടും തകർക്കാനുള്ള ശ്രമമാണ് ആർ എസ് എസ് നേതൃത്വത്തിൽ നടക്കുന്നത്. ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

error: Content is protected !!