അസമില്‍ 40 ലക്ഷം പേര്‍ ഇന്ത്യക്കാരല്ലാതായി

അസമിലെ 40 ലക്ഷം പേര്‍ കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ രേഖയില്‍ നിന്ന് പുറത്ത്. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ അസമിലെ പൗരന്മാരുടെ ദേശീയ രജിസ്റ്ററിലാണ് (എന്‍ ആര്‍ സി )40-41 ലക്ഷം പേര്‍ സാങ്കേതീകമായി ഇന്ത്യക്കാരല്ലാതായത്. എന്നാല്‍ ഇത് ഒരു കരട് മാത്രമാണെന്നും അന്തിമ ലിസ്റ്റ് പിന്നീട് പുറത്തിറക്കുമെന്നും എന്‍ ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍ സൈലേഷ് പറഞ്ഞു.

പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് പിന്നീട് തടസവാദങ്ങളുന്നയിക്കാനവസരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 30 മുതല്‍ സപ്തംബര്‍ 28 വരെ ഇതിനുള്ള സമയമായിരിക്കുമെന്നും സൈലേഷ് പറഞ്ഞു.

അതിര്‍ത്തി സംസ്ഥാനമായ അസമില്‍ ബംഗ്ലാദേശില്‍ നിന്നും മറ്റ് അയല്‍രാജ്യങ്ങളില്‍ നിന്നും വ്യാപകമായ അനധികൃത കുടിയേറ്റങ്ങളുണ്ടെന്നും ഇത് വന്‍  പ്രത്യാഘാദങ്ങളുണ്ടാക്കുന്നുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇത്തരം അനധികൃത കുടിയേറ്റം തടയുന്നതിന് നിലവിലെ പൗരന്മാരുടെ കൃത്യമായ കണക്കുകള്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

ദേശീയ പൗരത്വ റജിസ്റ്ററിന്‍റെ അന്തിമ കരട് പുറത്തിറങ്ങിയതിനു പിന്നാലെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ തന്ത്രപ്രധാനമേഖലകളില്‍ സുരക്ഷ ശക്തമാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 40 ലക്ഷം പേര്‍ക്കാണു പൗരത്വം നഷ്ടമായത്. റേഷന്‍ കാര്‍ഡുള്ളവരെയും വോട്ടര്‍പട്ടികയില്‍ പേരുള്ളവരെയും പട്ടികയില്‍നിന്നു പുറത്താക്കിയെന്നാണ് ആരോപണം. എന്നാല്‍ ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. പട്ടികയില്‍ ഇടം നേടാത്തവര്‍ക്ക് ഒാഗസ്റ്റ് 30 വരെ പൗരത്വം തെളിയിക്കാന്‍ അവസരം നല്‍കി.

ന്യൂനപക്ഷങ്ങളെ നാടുകടത്താനുള്ള നീക്കമാണു നടക്കുന്നതെന്ന് അസം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ റിപുന്‍ ബോറ ആരോപിച്ചു. പിന്നാലെ വിഷയം പാര്‍ലമെന്‍റിനെയും പ്രക്ഷുബ്ദമാക്കി. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണു സര്‍വേ നടത്തിയതെന്നും വൈകാരിക വിഷയങ്ങള്‍ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ മറുപടി നല്‍കി. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റം തടയാനാണ് 1951നുശേഷം ആദ്യമായി സംസ്ഥാനത്ത് പൗരത്വ റജിസ്ട്രേഷന്‍ നടപ്പിലാക്കിയത്. ഒാഗസ്റ്റ് മുപ്പതിനു ശേഷവും പൗരത്വം തെളിയിക്കാന്‍ കഴിയാത്തവര്‍ക്കു നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും.

കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച ആദ്യ കരടിൽ 1.9 കോടി പേരുകളുണ്ടായിരുന്നു. പൗരന്മാരുടെ പേര്, വിലാസം, ഫോട്ടോ എന്നീ വിവരങ്ങളാണ് എൻആർസി പട്ടികയിലുള്ളത്. 1971 മാർച്ച് 25നു മുൻപു മുതൽ അസമിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്കാണു പട്ടികയിൽ പേരു ചേർക്കാൻ അവസരം. സുപ്രീം കോടതി നിർദേശപ്രകാരമാണു പൗരത്വ റജിസ്റ്റർ പുതുക്കുന്നത്. 

error: Content is protected !!