പാദപൂജാ വിവാദത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍
തൃശൂര്‍ ചേര്‍പ്പ് സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പാദപൂജാ വിവാദത്തില്‍ വിശദീകരണവുമായി സര്‍ക്കാരും പത്തനാപുരം ഗാന്ധിഭവനും. ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായി ചേര്‍പ്പ് സ്‌കൂളില്‍ നടന്ന നിര്‍ബന്ധിത പാദപൂജ തങ്ങളുടെ അനുമതിയോടെയാണെന്ന പ്രചരണം വിദ്യാഭ്യാസ വകുപ്പ് തള്ളി. വാര്‍ദ്ധക്യ കാലത്ത് മാതാപിതാക്കളെ സംരക്ഷിക്കുന്നത് സംബന്ധിച്ച് അനന്തപുരി ഫൗണ്ടേഷന്റെയും പത്തനാപുരം ഗാന്ധിഭവന്റെയും ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ബോധവത്കരണ പരിപാടി നടത്തുന്നതിനാണ് അനുമതി നല്‍കിയതെന്നും ഇതിനെ സോഷ്യല്‍ മീഡിയയില്‍ ചില കുത്സിത താത്പര്യക്കാര്‍ ചേര്‍പ്പ് സ്‌കൂളിലെ ഗുരുപൂജയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുകയായിരുന്നെന്നും പൊതുവിദ്യാഭ്യാസ ഡയക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം ഗുരുവന്ദനം എന്ന പരിപാടി പാദപൂജയല്ലെന്നും ആര്‍എസ്എസ് നടത്തിയ പരിപാടിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നും ഗാന്ധിഭവന്‍ മീഡിയ കണ്‍വീനര്‍ അജിത്കുമാര്‍ വികെ പറഞ്ഞു. 2015 ജനുവരിയിലാണ് ‘ഗുരുവന്ദനം’ പരിപാടി ഗാന്ധിഭവന്‍ തുടങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തിരുന്നത്. വ്യവസായി യൂസഫലിയും പങ്കെടുത്തിരുന്നു. അതിന് ശേഷം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ബിജെപി നേതാക്കളുമെല്ലാം ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്നേക്ക് 1305ാം ദിസമാണ് ഈ പരിപാടി നടത്തുന്നത്. എല്ലാ ദിവസവും പത്തനാപുരം ഗാന്ധിഭവനില്‍ ഈ പരിപാടി നടത്താറുണ്ട്.
ഇത് സ്‌കൂളിലേക്ക് കൂടി നടത്താന്‍ വേണ്ടിയാണ് സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങിയത്. രക്ഷിതാക്കളെ സംരക്ഷിക്കേണ്ടതിന്റെയും ലഹരിക്കെതിരായതുമായ ബോധവത്കരണ ക്ലാസുകള്‍ അതത് ജില്ലകളിലെ അനിയോജ്യരായ ആളുകളെ കതൊണ്ട് നടത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ചേര്‍പ്പ് സ്കൂളില്‍ നടന്നത് ആര്‍എസ്എസിന്റെ സംഘടനാപരിപാടിയായ ഗുരു പൂജയാണ്. വ്യാസ ജയന്തിയോടനുബന്ധിച്ച് സംഘപരിവാര്‍ നടത്തുന്ന മതപരമായ ചടങ്ങ് കൂടിയാണത്. ബാലഗോകുലവും ‘ഗുരുപൂജ’ പരിപാടി സംഘടിപ്പിക്കാറുണ്ട്. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ആര്‍ എസ് എസ് ശാഖകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനാകെ നടന്നിരുന്നു. ഈ പരിപാടിയാണ് ചേര്‍പ്പ് സ്കൂളില്‍ നടന്നത്.
ചേര്‍പ്പ് സ്‌കൂളില്‍ നടന്ന ഗുരുപൂജയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പറഞ്ഞിരുന്നു. ഗുരുപാദപൂജ നടന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പത്രക്കുറിപ്പും പുറത്തിറക്കി.