പഴകിയ ഭക്ഷണം: ഹോട്ടലുകളുടെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യം

ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് പഴകിയതും മായം ചേര്‍ത്തതുമുള്‍പ്പെടെ ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയതിനും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചതിനും പിടിക്കപ്പെടുന്ന ഹോട്ടലുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പേരുകള്‍ പൊതുജനങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തണമെന്ന് കണ്ണൂര്‍ താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കണമെന്നും യോഗം വ്യക്തമാക്കി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പേരുകള്‍ പുറത്തുവിടുന്നത് പൊതുജനങ്ങള്‍ക്ക് അവ തിരിച്ചറിയാനും മറ്റുള്ളവര്‍ക്ക് പാഠമാവാനും ഉപകരിക്കുമെന്നും യോഗം വിലയിരുത്തി.

ചിറക്കല്‍ വില്ലേജിലെ കീരിയാട്, വള്ളുവന്‍കടവ് എന്നിവിടങ്ങളില്‍ വളപട്ടണം പുഴ പുറമ്പോക്കില്‍ വ്യാപകമായ കൈയേറ്റം നടന്നതായി വ്യക്തമായ സാഹചര്യത്തില്‍ പ്രദേശം അളന്നു തിട്ടപ്പെടുത്തി കൈയേറ്റക്കാര്‍ക്ക് ഭൂസംരക്ഷണ നിയമപ്രകാരം നോട്ടീസ് നല്‍കാനും യോഗത്തില്‍ തീരുമാനമായി. കക്കാട് പുഴ പുറമ്പോക്കിലും വ്യാപകമായ കൈയേറ്റമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ ഇത് പരിശോധിക്കാനും തീരുമാനിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ അപകടഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനന്‍ ആവശ്യപ്പെട്ടു. ദുരന്തനിവാരണ നിയമപ്രകാരം ബന്ധപ്പെട്ട വകുപ്പുകളാണ് അവ മുറിച്ചുമാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് തഹസില്‍ദാര്‍ വി.എം സജീവന്‍ അറിയിച്ചു.

ദേശീയപാതയില്‍ പൊടിക്കുണ്ട് ഭാഗത്ത് അപകടമാംവിധം തുറന്നുകിടക്കുന്ന ആഴമേറിയ ഓടയ്ക്ക് ഉടന്‍ സ്ലാബിടാന്‍ യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനകം ഓടയില്‍ വീണ് ബൈക്ക് യാത്രികരടക്കം നാലുപേര്‍ മരിച്ചിരുന്നു. അടിയന്തരമായി അവിടെ അപകട സന്ദേശമടങ്ങിയ ബോര്‍ഡ് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഭൂവിസ്തൃതിയും ജനസംഖ്യയും പരിഗണിച്ച് എളയാവൂര്‍ വില്ലേജ് വിഭജിച്ച് മുണ്ടയാട് കേന്ദ്രമായി പുതിയ വില്ലേജ് സ്ഥാപിക്കണമെന്ന് കൗണ്‍സിലര്‍ തൈക്കണ്ടി മുരളീധരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി.

കണ്ണൂര്‍ നഗരത്തിലും ചക്കരക്കല്ല് ഉള്‍പ്പെടെയുള്ള പട്ടണങ്ങളിലും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുംവിധം കച്ചവടം നടപ്പാതകളിലേക്ക് നീണ്ടതായി യോഗത്തില്‍ പരാതിയുയര്‍ന്നു. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഗരത്തിലെ ഓടകളിലേക്ക് കക്കൂസ് മാലിന്യം തുറന്നുവിടുന്ന കേസുകളില്‍ സത്വര നടപടി സ്വീകരിക്കാനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് വി.കെ ലളിതാ ദേവി അധ്യക്ഷത വഹിച്ചു.

error: Content is protected !!