അഭിമന്യു വധം; കൈവെട്ട് കേസ് പ്രതിക്കും പങ്ക്

അഭിമന്യുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തവരില്‍ കൈവെട്ട് കേസിലെ പ്രതിയും. കൈവെട്ട് കേസിലെ പ്രതിയായ മനാഫിന് ഗൂഢാലോചനയില്‍ മുഖ്യപങ്കുള്ളതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മനാഫ് കൈവെട്ട് കേസിലെ 13 ാം പ്രതിയാണ്. പ്രതികളെ കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണ്. ഇരുവരും ഒളിവിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി

അന്വേഷണത്തെ തടസപ്പെടുത്തുന്നതിന് എസ് ഡിപിഐ ശ്രമിക്കുന്നതായി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, പൊലീസ് വേട്ടയാടുന്നതായി ചൂണ്ടികാട്ടി എസ്ഡിപിഐ പ്രവര്‍ത്തകര്‍ നല്‍കിയ മൂന്നു ഹര്‍ജികളും ഹൈക്കോടതി തള്ളി.

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) ഈ മാസം രണ്ടാംതിയ്യതി പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്.

കോളേജിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനേയും സംഘം ആക്രമിച്ചിരുന്നു.

മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന പോപ്പുലര്‍ ഫ്രണ്ട് സംഘം കോളേജിലേക്ക് അതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം.

അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.

error: Content is protected !!