വൈദികരുടെ പീഡനം; രണ്ടാം പ്രതി ഫാദർ ജോബ് മാത്യു കീഴടങ്ങി

കുമ്പസാരവിവരം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടാം പ്രതിയായ ഫാദർ ജോബ് മാത്യു അന്വേഷണസംഘത്തിന് മുൻപാകെ കീഴടങ്ങി. കൊല്ലം ഡിവൈഎസ്പി ഓഫിസിലെത്തിയാണ് പ്രതി കീഴടങ്ങിയത്.

പ്രതികളായ മൂന്നു വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. മൂന്നാം പ്രതി ഫാ. ജോൺസൺ വി. മാത്യു നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പിന്നീടു പറയും.

ഫാദർ ജോബ് മാത്യുവിന് മുൻപാണ് പീഡനത്തിനിരയായ യുവതി ആദ്യം കുമ്പസരിച്ചത്. ഇൗ കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് ജോബ് മാത്യു യുവതിയെ പീഡിപ്പിക്കുകയും മറ്റുള്ളവർക്കും പീഡിപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത്.

അതേസമയം ഇപ്പോൾ ദില്ലിയിലുള്ള കേസിലെ മൂന്നാം പ്രതിയായ അഭിഭാഷകൻ ഒഴിച്ച് മറ്റു നാല് പേരും അന്വേഷണസംഘത്തിന് മുൻപിലോ തിരുവല്ലയിലെ കോടതിയിലോ കോട്ടയത്തെ കോടതിയിലോ കീഴടങ്ങും എന്നാണ് പുറത്തു വരുന്ന സൂചനകൾ. മജിസ്ട്രേറ്റിന് മുൻപാകെ കീഴടങ്ങി പൊലീസ് കസ്റ്റഡിയിൽ പോകുന്നത് ഒഴിവാക്കാനാണ് പ്രതികളുടെ ശ്രമം. നിലവിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ഫാദർ ജോബ് മാത്യുവിനെ അൽപസമയത്തിനകം കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിക്കും. ഇവിടെ നിന്നും മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കാൻ കൊണ്ടു പോകും.

അഭിഭാഷകർ കോടതിയിൽ ഹാജരാവുന്നത് തടയാൻ കോട്ടയം,പത്തനംതിട്ട ജില്ലകളിലെ എല്ലാ കോടതികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദില്ലിയിലുള്ള മൂന്നാം പ്രതി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നുവെന്നാണ് ലഭ്യമായ വിവരം.

error: Content is protected !!