എസ്.എഫ്.ഐയുടെ മരം ഇവിടെ വേണ്ടെന്ന് എ.ബി.വി.പി; നടുമെന്ന് എസ്എഫ്‌ഐ; വനിതാ നേതാവ്: വീഡിയോ വൈറല്‍

പരിസ്ഥിതി ദിനത്തിലെ ഒരു ക്യാമ്പസ് കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുക്കുന്നത്. പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടാനെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തടഞ്ഞ എബിവിപി പ്രവര്‍ത്തകരോട് ഒറ്റയ്ക്കു വാഗ്വാദത്തിലേര്‍പ്പെടുന്ന വനിതാ നേതാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ മിനിറ്റുകള്‍ വെച്ച് ഷെയര്‍ ചെയ്യുന്നത്.

ബിജെപി വിദ്യാര്‍ത്ഥി സംഘടനായ എബിവിപിയുടെ ശക്തമായ സാന്നിധ്യമുള്ള തൃശ്ശൂരിലെ കുന്നംകുളം വിവേകാന്ദ കോളജിലാണ് സംഭവം. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോളജ് പരിസരത്ത് വൃക്ഷത്തൈ നടാനെത്തിയ എസ്എഫ്‌ഐ സംഘത്തെ എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞു. വൃക്ഷത്തൈ നടേണ്ടയെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ എസ്എഫ്‌ഐ പരിപാടി എബിവിപി അല്ല തീരുമാനിക്കുന്നതെന്ന് പറഞ്ഞ് അവരുമായി വാഗ്വാദത്തിലേര്‍പ്പെടുന്ന വനിതാ നേതാവ് സരിതയാണ് താരമായി മാറിയത്.

വൃക്ഷത്തൈകളുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തടഞ്ഞ എബിവിപിക്കാരോടു നിങ്ങള്‍ക്കിത്ര പേടിയാണോ എന്നു സരിത ചോദിക്കുന്നതു വിഡിയോയില്‍ കാണാം. പ്രകോപിതരായി സരിതയ്ക്കു നേരെ ഒരുകൂട്ടം എബിവിപി പ്രവര്‍ത്തകര്‍ ആക്രോശിക്കുന്നുണ്ട്. തൈ വയ്ക്കാന്‍ സമ്മതിക്കില്ലെന്നു പറയുന്നവരോടു തൈ നട്ടിട്ടേ പോകൂ എന്നും പെര്‍മിഷന്‍ വാങ്ങിയിട്ടുണ്ട് എന്നും സരിത പറയുന്നുണ്ട്.

പെര്‍മിഷനല്ല എന്തു തേങ്ങയായാലും വയ്‌ക്കേണ്ടെന്നു പറഞ്ഞാല്‍ വയ്‌ക്കേണ്ട എന്നും എബിവിപി പ്രവര്‍ത്തകര്‍ പറയുന്നു. എസ്എഫ്‌ഐയുടെ പരിപാടി എബിവിപിയല്ല തീരുമാനിക്കുന്നതെന്ന് സരിത അവര്‍ക്കു മറുപടിയും നല്‍കുന്നു. ഒടുവില്‍ തൈ നട്ട ശേഷമാണ് എസ്എഫഐ പ്രവര്‍ത്തകര്‍ മടങ്ങുന്നത്.

എസ്എഫ്‌ഐ, സിപിഎം ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലെ മറ്റിടങ്ങളിലും വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടു.

error: Content is protected !!