പഴയങ്ങാടി ജ്വല്ലറി മോഷണം: സംഘം മുന്‍പും ജ്വല്ലറി മോഷണത്തിന് ശ്രമിച്ചു; നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്നു പോലീസ്

പഴയങ്ങാടിയിലെ അൽ ഫത്തീബി ജ്വല്ലറി മോഷണം പുതിയ വഴിത്തിരിവിലേക്ക്. ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഘം രണ്ടാഴ്ച്ച മുമ്പ് മറ്റൊരു ജ്വല്ലറിയിലും കവർച്ച നടത്താൻ ശ്രമിച്ച വിവരം പുറത്ത് വന്നു. പുതിയങ്ങാടി മൊട്ടാമ്പ്രത്തെ അൽബദർ ജ്വല്ലറിയിലാണ് പട്ടാപകൽ കവർച്ച ശ്രമം നടന്നത്. തൊട്ടടുത്ത് താമസിക്കുന്ന സ്ത്രീയുടെ ശ്രദ്ധയിൽ പെട്ടില്ലായിരുന്നെങ്കിൽ ഈ ജ്വല്ലറിയിൽ കവർച്ച നടക്കുമായിരുന്നു. ഹെൽമറ്റ് ധരിച്ച് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടംഗ സംഘം മെഷീൻ ഉപയോഗിച്ച് ജ്വല്ലറിക്ക് സമീപത്തെ ചുമർ തുരത്താൻ ശ്രമിക്കുകയായിരുന്നു ഇത് ശ്രദ്ധയിൽപ്പെട്ട സമീപവാസിയായ സ്ത്രീ ഇക്കാര്യം അന്വേഷിച്ചപ്പോൾ എയർ കണ്ടിഷൻ ഘടിപ്പിക്കാൻ ദ്വാരമുണ്ടാക്കുന്നതാണെന്ന് പറഞ്ഞ് സംഘം നിമിഷങ്ങൾക്കകം സ്ഥലവിടുകയും ചെയ്തു.  സ്ത്രീ ഇക്കാര്യം ജ്വല്ലറി ഉടമയെ അറിയിച്ചു. ഉടമ പോലീസിൽ വിവരം അറിയിച്ചെങ്കിലും രേഖാമൂലം പരാതി നൽകിയില്ല. പക്ഷേ ഇയാൾ ഇക്കാര്യം ഇപ്പോൾ കവർച്ച നടന്ന അൽ ഫത്തീബി ജ്വല്ലറി ഉടമയെ അറിയിച്ചിരുന്നു. എന്നാൽ നഗര ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന തന്റെ ജ്വല്ലറിയിൽ കവർച്ച നടക്കില്ലെന്ന വിശ്വാസത്തിലായിരുന്നു അൽ ഫത്തീബി ജ്വല്ലറി ഉടമ. അതേ സമയം ആയിരക്കണക്കിന് ഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്നും നിർണ്ണായകമായ ചില സൂചനകൾ അന്വേഷണ സംഘത്തിന്ലഭിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നും അടുത്ത കാലത്ത് പഴയങ്ങാടിയിൽ ചേക്കേറിയ ആളെ കേന്ദ്രികരിച്ചും അന്വേക്ഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

error: Content is protected !!