കെവിന്‍ വധക്കേസ് : നീനുവിന്റെ അമ്മ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയില്‍

കെവിൻ വധക്കേസിൽ മുൻകൂർ ജാമ്യം തേടി കെവിന്റെ ഭാര്യ നീനുവിന്‍റെ മാതാവും പ്രതിയുമായ രഹ്ന ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തന്നെ കുടുക്കാൻ അന്വേഷണം സംഘം ശ്രമിക്കുന്നുവെന്നും തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യ ഹർജി.

കേസിൽ തനിക്ക് പങ്കുള്ളതായി പോലീസ് വ്യക്തമാക്കിയെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ട്. തനിക്ക് കേസിൽ ഒരു പങ്കുമില്ല. കൊലപാതക വിവരം താനറിഞ്ഞില്ല. കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും രഹ്ന മുൻകൂർ ജാമ്യഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ രഹ്നയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം മകൻ ഷാനുവിനെയും ഭർത്താവ് ചാക്കോയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിൽ രഹ്നയെ കൂടി ഗൂഢാലോചനക്കുറ്റം ചുമത്തി അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. എന്നാൽ അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രഹ്നയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വാദം. ഇതിനിടെയാണ് അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമവുമായി രഹ്ന കോടതിയെ സമീപിച്ചിരിക്കുന്നത്.

error: Content is protected !!